സിദ്ധാരാമയ്യയുടെ പരാമര്‍ശം വിവാദമാക്കി ലിംഗായത്ത് വികാരം അനുകൂലമാക്കാന്‍ ബിജെപി

മുഖ്യമന്ത്രി ബൊമ്മെക്കെതിരെ സിദ്ധാരാമയ്യ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. ‘ഇപ്പോള്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും വേര് അദ്ദേഹമാണ്’ എന്ന സിദ്ധാരാമയ്യയുടെ പരമാര്‍ശമാണ് വിവാദമായിരിക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്ന ബി.ജെ.പിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിദ്ധാരാമയ്യയുടെ പ്രതികരണം. കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായി ഈ പ്രസ്താവന ഇതിനകം ബിജെപി ഏറ്റെടുത്തിട്ടുണ്ട്.

സിദ്ധാരാമയ്യ ലിംഗായത്ത് സമുദായത്തെ മുഴുവനായി അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ‘ലിംഗായത്ത് സമുദായം മുഴുവനും അഴിമതിക്കാരാണെന്നാണ് സിദ്ധാരാമയ്യ പറഞ്ഞിരിക്കുന്നത്. നേരത്തെ സിദ്ധാരാമയ്യ ബ്രാഹ്‌മണ സമുദായത്തെയും അപഹസിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലിംഗായത്ത്-വീരശൈവ വിഭാഗത്തെ വിഭജിക്കാന്‍ സിദ്ധാരാമയ്യ ശ്രമിച്ചു. കര്‍ണ്ണാടകയിലെ ജനങ്ങള്‍ സിദ്ധാരാമയ്യയെ ഒരു പാഠം പഠിപ്പിക്കണ’മെന്നുമായിരുന്നു മുഖ്യമന്ത്രി ബൊമ്മെയുടെ പ്രതികരണം. സിദ്ധാരമയ്യയുടെ പ്രതികരണത്തെ ബിജെപി ഏതുനിലയിലാണ് ഉപയോഗപ്പെടുത്തുക എന്നതിന്റെ സൂചനയാകുന്നുണ്ട് ബൊമ്മയുടെ പ്രതികരണം.

ലിംഗായത്ത് സമുദായത്തില്‍ ഏറെ സ്വാധീനമുള്ള ജഗദീഷ് ഷെട്ടാറും ലക്ഷമണ്‍ സാവഡി അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ലിംഗായത്ത് വിഭാഗത്തിനുള്ള അതൃപ്തി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സിദ്ധാരാമയ്യയുടെ നാവുപിഴ ബിജെപി ആയുധമാക്കാന്‍ ഒരുങ്ങുന്നത്.

സിദ്ധാരാമയ്യയുടേത് ലിംഗായത്ത് സമുദായത്തെ അവഗണിക്കുന്ന കോണ്‍ഗ്രസിന്റെ മുന്‍നിലപാടുകളുടെ തുടര്‍ച്ചയാണ് എന്ന വിവരണവും ബിജെപി മുന്നോട്ട് വയ്ക്കുന്നുണ്ട്. നേരത്തെ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള വീരേന്ദ്ര പാട്ടീലിനെ കോണ്‍ഗ്രസ് അധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസിന്റേത് നേരത്തെ മുതല്‍ ലിംഗായത്ത് വിരുദ്ധ സമീപനമാണെന്ന് ബിജെപി ആരോപിക്കുന്നത്. വീരേന്ദ്ര പാട്ടീലിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയ രീതി ലിംഗായത്ത് വിഭാഗത്തിന്റെ വികാരത്തെ വലിയ നിലയില്‍ വൃണപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ലിംഗായത്ത് വിഭാഗം അതോടെയാണ് ബിജെപിയുടെ പിന്നില്‍ അണിനിരക്കുന്ന സാഹചര്യമുണ്ടായത്. സിദ്ധാരാമയ്യയുടെ പ്രസ്താവനയെ ആയുധമാക്കി ഈ സാഹചര്യമെല്ലാം ഓര്‍മ്മിപ്പിച്ച് ലിംഗായത്ത് വിഭാഗത്തിന്റെ അതൃപ്തി മറികടക്കാനാണ് ബിജെപി നീക്കം.

തന്റെ പ്രസ്താവന ബിജെപി വളച്ചൊടിക്കുന്നുവെന്ന ആരോപണവുമായി സിദ്ധാരാമയ്യയും രംഗത്ത് വന്നിട്ടുണ്ട്. ബൊമ്മെയെക്കുറിച്ച് പറഞ്ഞ ഒരുകാര്യം സമുദായത്തിന്റെ വിഷയമായി ദുര്‍വ്യാഖ്യാനിക്കുന്നുവെന്നാണ് സിദ്ധാരാമയ്യ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News