മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍. കള്ളവാര്‍ത്ത കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ട് ചെന്ന് കൈകാര്യം ചെയ്യുമെന്നാണ് പുതിയ ഭീഷണി. മലയാലപ്പുഴയില്‍ വെച്ച് മാധ്യമങ്ങള്‍ക്കു നേരെയുണ്ടായ കൊലവിളിയുടെ തുടര്‍ച്ചയാണ് കൊച്ചിയിലെ പ്രതികരണം.
ഉപതെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് ബി ജെ പി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നേരെ തിരിയാന്‍ തുടങ്ങിയത്. പാര്‍ട്ടിയില്‍ സുരേന്ദ്രനെതിരായ പടയൊരുക്കം വാര്‍ത്തയായതാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. പത്തനംതിട്ട മലയാലപ്പുഴയില്‍ വെച്ചായിരുന്നു മാധ്യമങ്ങള്‍ക്കു നേരെയുള്ള ആദ്യ ഭീഷണി.ബി ജെ പി യ്‌ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും ഒരുത്തനെയും വെറുതെ വിടില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ കൊലവിളി.
പിന്നീട് തിരുവനന്തപുരത്തു വെച്ചും സുരേന്ദ്രന്‍ മാധ്യങ്ങളോടുള്ള ഭീഷണി ആവര്‍ത്തിച്ചു. ഞായറാഴ്ച കൊച്ചിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സുരേന്ദ്രന്‍ അല്‍പ്പം കൂടി കടന്ന പ്രതികരണമാണ് നടത്തിയത്. കള്ളവാര്‍ത്ത കൊടുക്കുന്ന മാധ്യമ സ്ഥാപനങ്ങളിലേയ്ക്ക് നേരിട്ട് ചെന്ന് കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ശോഭാസുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ചുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഈ പ്രതികരണം.
തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളും സംഘാടന വീഴ്ചകളും തന്റെ പ്രസിഡണ്ട് സ്ഥാനം തെറിക്കാന്‍ ഇടയാക്കും എന്ന ഭയത്തില്‍ നിന്നും ഉടലെടുത്ത കെ സുരേന്ദ്രന്റെ അസഹിഷ്ണുതയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ തിരിയാന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here