മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം സംസ്ഥാനത്ത് എത്തി. തലമുറമാറ്റമെന്ന പേരില്‍ പുതുമുഖ മുഖ്യമന്ത്രിമാരെ കൊണ്ടുവരാനുളള നരേന്ദ്ര മോദി-അമിത് ഷാ നീക്കത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നിവിടങ്ങളില്‍ ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുവാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദിയും അമിത് ഷായും ജെപി നദ്ദയും പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായം ഉണ്ടാകാതായതോടെ മൂന്ന് സ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിക്കുകയായിരുന്നു.
ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിപദം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിരീക്ഷകരായ കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ഡ , സര്‍ബാനന്ദ സോനോവാള്‍,ദുഷ്യന്ത് കുമാര്‍ എന്നിവര്‍ റായ്പുരിലെത്തി. നിരീക്ഷകര്‍ എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തും. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്,രേണുക സിംഗ്, അരുണ്‍ സാവോ, വിഷ്ണു ദേവ് സായി, കേദാര്‍ കശ്യപ് എന്നിവരാണ് ബിജെപിയുടെ പരിഗണന പട്ടികയില്‍ ഉള്ളവര്‍. തര്‍ക്കം ഏറ്റവും കൂടുതല്‍ രൂക്ഷമായ മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് നിയമസഭാ കക്ഷി യോഗം.
രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായി വസുന്ധര രാജെ സിന്ധ്യ ശക്തമായി മത്സരരംഗത്തുണ്ട്. ഫലം വന്നതിന് ശേഷം വസുന്ധരെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തില്‍ നിന്നും മാറി നില്‍ക്കാന്‍ വസുന്ധര തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശിലും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക ബിജെപിക്ക് തലവേദനയായി മാറിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുന്നത് തിരിച്ചടിയാകുമോ എന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആശങ്ക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here