രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് അട്ടിമറി ജയം

രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലും ഹിമാചലിലും വന്‍ അട്ടിമറിയുമായി ബിജെപി. ഹിമാചലില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ വിജയിച്ചു. യുപിയില്‍ എട്ട് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയോടെ എട്ട് പേരെയും വിജയിപ്പിച്ചു. അതേസമയം കര്‍ണാടകയില്‍ ബിജെപിയുടെ അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് മൂന്നു സിറ്റിലും വിജയിച്ചു. വ്യക്തമായ ലീഡുണ്ടായിട്ടും ഹിമാചലില്‍ പരാജയപ്പെട്ടതോടെ അവിശ്വാസം കൊണ്ടുവരാനൊരുങ്ങുകയാണ് ബിജെപി.

Also Read: ‘പ്രധാനമന്ത്രിക്ക് തമാശ പറയാനുമറിയാമെന്ന് തെളിയുകയാണ്’: മറുപടിയുമായി ബിനോയ് വിശ്വം

വോട്ടെടുപ്പിലും ഫലപ്രഖ്യാപനത്തിലും നാടകീയമായ രാഷ്ട്രീയ നീക്കങ്ങളായിരുന്നു ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഹിമാചലിലും ഉണ്ടായത്. 15 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അട്ടിമറി ശ്രമങ്ങള്‍ യുപിയിലും ഹിമാചലിലും വിജയിച്ചു. 68 സീറ്റുകളില്‍ 40 സീറ്റുളള കോണ്‍ഗ്രസിന് വ്യക്തമായ ലീഡുണ്ടായിട്ടും ഏക സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായില്ല. മൂന്ന് സ്വതന്ത്രന്മാരുടെ പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, 25 സീറ്റ് മാത്രമുളള ബിജെപിയെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പിന്തുണച്ചതോടെ മനു അഭിഷേക് സിങ്വിക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. 34 വോട്ടുകള്‍ വീതം ഒപ്പത്തിനൊപ്പമായതോടെ നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ അട്ടിമറി ജയം നേടുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ ഹിമാചല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ബജറ്റിന് ശേഷം അവിശ്വാസം കൊണ്ടുവരുമെന്നും ബിജെപി നേതാവ് ജയറാം ഠാക്കൂര്‍ പറഞ്ഞു.

Also Read: ഹിമാചലില്‍ വന്‍ അട്ടിമറി; കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കാലുമാറി

ഉത്തര്‍പ്രദേശിലാകട്ടെ പത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി എട്ട് സീറ്റുകളിലും വിജയിച്ചു. അംഗബലം അനുസരിച്ച് മൂന്ന് സീറ്റുകളില്‍ ജയിക്കേണ്ട സമാജ് വാദി പാര്‍ട്ടിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. ജയ ബച്ചന്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ അലോക് രഞ്ജന്‍ എന്നിവരാണ് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ചീഫ് വിപ്പ് മനോജ് പാണ്ഡെ ഉള്‍പ്പെടെ ഏഴ് എംഎല്‍എമാരും ഒരു ബിഎസ്പിയും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് സമ്പൂര്‍ണ ജയം. കര്‍ണാടകയിലാകട്ടെ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ ഒരു എംഎല്‍എയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എഐസിസി ട്രഷറര്‍ അജയ് മാക്കന് ലഭിച്ചപ്പോള്‍, മറ്റൊരു ബിജെപി എംഎല്‍എ വോട്ടെടുപ്പില്‍ വിട്ടുനിന്നു. യശ്വന്ത്പുരില്‍ നിന്നുളള എസ് ടി സോമശേഖറാണ് വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തത്. അബൈല്‍ ശിവറാം ഹെബ്ബാര്‍ എംഎല്‍എയാണ് വിട്ടുനിന്നത്. ഇതോടെ അജയ് മാക്കനെ കൂടാതെ ഡോ.സയിദ് നസീര്‍ ഹുസൈന്‍, ജി സി ചന്ദ്രശേഖര്‍ എന്നിവരെയും കോണ്‍ഗ്രസിന് രാജ്യസഭയിലെത്തിക്കാനായി. അതേസമയം എന്‍ഡിഎ സഖ്യമായി മത്സരിച്ച് പരാജയപ്പെട്ട ജെഡിഎസിന്റെ കുപേന്ദ്ര റെഡ്ഡിക്ക് ബിജെപിയില്‍ നിന്നും ലഭിക്കേണ്ട വോട്ടുകള്‍ ലഭിക്കാത്തത് മുന്നണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News