തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ബിജെപിയുടെ അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നു. ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 267 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഉത്തര്‍ പ്രദേശ് , മഹാരാഷ്ട്ര , തമിഴ്നാട് എന്നിവിടങ്ങളിലെ
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. കേരളത്തിലെ 4 സീറ്റുകളിലും ഇതു വരെ സഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ബീഹാറിലെ സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ നേതാക്കള്‍ നടത്തിയത്. ബിജെപി 17 സീറ്റിലും ജെഡിയു പതിനാറ് സീറ്റിലും ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക് ജന ജശ്കി പാര്‍ട്ടി 5 സീറ്റിലും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റില്‍ വീതവും മത്സരിക്കുന്നതിനാണ് ധാരണയായത്.
അതേസമയം സീറ്റ് വിഭജനത്തില്‍ അവഗണിക്കപ്പെട്ട കേന്ദ്രമന്ത്രി പശുപതി പരസ് നേതൃത്വം നല്‍കുന്ന ലോക് ജനശക്തി പാര്‍ട്ടി വിഭാഗം പ്രതിപക്ഷ സഖ്യം ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ മരിച്ചതിന് പിന്നാലെയാണ് അദ്ദേഹം രൂപം നല്‍കിയ ലോക് ജനശക്തി പാര്‍ട്ടി പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്റെയും സഹോദരന്‍ പശുപതി പരസിന്റെയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്നത്.
Also Read : ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു
മഹാരാഷ്ട്രയിലേയും ഉത്തര്‍ പ്രദേശിലേയും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും ബിജെപി നടത്തുകയാണ്. മഹാരാഷ്ട്രയില്‍ രണ്ട് സീറ്റ് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാം ദാസ് അത്വാലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രംഗത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിജെപി തീരുമാനമെടുത്തിട്ടില്ല എന്നാല്‍ രാജ്താക്കറെയുടെ എംഎന്‍എസ്സിന് ഒരു സീറ്റ് നല്‍കിയേക്കും.
കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ റായ്ബറേലി മണ്ഡലത്തിലേക്ക് ബിജെപി ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ നബി വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്ത നൂപുര്‍ ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായാണ് വിവരം. തമിഴ്നാട്ടിലും കേരളത്തിലെ ബാക്കിയുള്ള നാല് സീറ്റുകളുടെ കാര്യത്തിലും ബിജെപി നേതൃത്വത്തിന് ഇതുവരെ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here