ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി യുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും അടക്കം നൂറോളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അതിനിടെ ഈസ്റ്റ് ദില്ലിയിൽ നിന്നുള്ള ബി ജെ പി എം പി ഗൗതം ഗംഭീർ രാഷ്ട്രീയം വിടുന്നതായി അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബി ജെ പി പ്രഖ്യാപിക്കാനിരിക്കെ കേരളം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലുള്ള മണ്ഡലത്തിന് പുറമേ ദക്ഷിണേന്ത്യയിലും മത്‌സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിക്കും. കേരളത്തിൽ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങൾ വി.മുരളീധരൻ, തൃശൂർ സുരേഷ് ഗോപി തുടങ്ങിയവർക്കാണ് സാദ്ധ്യത. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ എസ്.ജയശങ്കർ, നിർമ്മല സീതാരാമൻ എന്നിവർ ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കുമെന്ന് സൂചനയുണ്ട്. എഴുപതിലധികം എം പിമാർക്ക് സീറ്റ് ലഭിച്ചേക്കില്ലെന്നാണ് വിവരം. രണ്ടു തവണ ജയിച്ചവരെയും ഒഴിവാക്കും. ദില്ലിയിൽ ഏഴിൽ 5 സീറ്റിലും പുതുമുഖങ്ങളെ കൊണ്ടുവാരാനാണ് സാധ്യത.
Also Read: പെൻഷനും ശമ്പളവും മുടങ്ങില്ല; ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു: കെ എൻ ബാലഗോപാൽ
ഇതിന് പിന്നാലെയാണ് ഈസ്റ്റ് ദില്ലിയിൽ നിന്നുള്ള ബി ജെ പി എം പി ഗൗതം ഗംഭീർ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും രാഷ്ട്രീയം വിടുന്നതായും അറിയിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ കേന്ദ്ര കെരിക്കാനാണ് രാഷ്ട്രീയം വിടുന്നതെന്ന് ഗംഭീർ അറിയിച്ചു. ചുമതലകളിൽ നിന്ന് ഒഴിവാക്കി തരണമെന്നും ബി ജെ പി നേതൃത്വത്തോട് ആവശ്യപെട്ടു. അതേ സമയം ലൈംഗീക അതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ലോക്‌സഭ സ്ഥാനാർത്ഥിയാക്കുന്നതിലെ ഭിന്നത ഒഴിവാക്കാൻ ബി ജെ പി ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. മഹാരാഷ്ട്രയിലും ബീഹാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സീറ്റ് വിഭജന ചർച്ചകളിൽ അടക്കം എൻ ഡി എ തീരുമാനത്തിൽ എത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here