‘ബിജെപിയുടെ വിജയവും വോട്ട് വർധനയും ഗൗരവതരമായ വിഷയം’: പി ജയരാജൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് പിന്നാലെ പാർട്ടി മാറി; തെരഞ്ഞെടുപ്പിൽ 13 ൽ 9 പേർക്കും തോൽവി

കേരളത്തിൽ എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. അതിൻ്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തൽ നടപടികൾ ഉണ്ടാവുകയും ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണം’: ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു

അതേസമയം ഗൗരവതരമായ പ്രശ്നമാണ് ബിജെപിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വർദ്ധനയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ ആർഎസ്എസിൻ്റെ അക്രമത്തിനിരയായി ജീവനും രക്തവും നൽകിയാണ് സംഘപരിവാർ ശക്തികളെ പ്രതിരോധിച്ചത്.

അതോടൊപ്പം വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായും നിരന്തരമായ ഇടതുപക്ഷത്തിൻ്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. ഇവിടെ കോൺഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കെതിരായ സമരം ദുർബലമായതിൻ്റെ അടിസ്ഥാനത്തിൽ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയിൽ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

പതിനെട്ടാമത് ലോക സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണുണ്ടായത്. അതിൻ്റെ കാരണം കൃത്യമായി പരിശോധിക്കുകയും തിരുത്തൽ നടപടികൾ ഉണ്ടാവുകയും ചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ തെരഞ്ഞെടുപ്പ് തിരിച്ചടി പുത്തരിയല്ല. 1957ലെ ഇഎംഎസ് ഗവൺമെൻ്റ് അധികാരത്തിലിരുന്ന കാലയളവിൽ കേരള വികസനത്തിൻ്റെ അടിത്തറയിട്ട ഭരണ നടപടികളാണ് കൈക്കൊണ്ടത്. അക്കാലത്ത് നടന്ന വിമോചന സമരത്തോടെ കോൺഗ്രസ് ഗവൺമെൻ്റ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടു. തുടർന്ന് 1960ൽ നടന്ന കേരള തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തിരിച്ചടിയേറ്റു. അന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാർ പ്രവചിച്ചത് ഇനിയൊരിക്കലും പാർട്ടി അധികാരത്തിൽ വരില്ലെന്നായിരുന്നു. പക്ഷേ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പല തവണ അധികാരത്തിലേറി എന്നത് ചരിത്രം.
ചരിത്രം രചിച്ച ഇഎംഎസ് എന്ന മുഖ്യമന്ത്രിയേയും അതിപ്രഗൽഭരായ മന്ത്രിമാരെയും താഴ്ത്തിക്കെട്ടാനാണ് വിരുദ്ധന്മാർ ശ്രമിച്ചത്. അതിൻ്റെ പുനരാവർത്തനമാണ് 2024ലും നടക്കുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്നാണ് മാധ്യമങ്ങളുടെ കണ്ടുപിടുത്തം. പരാജയത്തിൻ്റെ നാനാവിധ കാരണങ്ങൾ വിവിധ പാർട്ടി കമ്മറ്റികളും മുന്നണി സംവിധാനവും വിലയിരുത്താൻ പോകുന്നേയുള്ളൂ. അതിന് മുമ്പ് തന്നെ വലതുപക്ഷ മാധ്യമങ്ങൾ സി.പി.എം ൻ്റെയും എൽഡിഎഫിൻ്റെയും വിലയിരുത്തലുകൾ സ്വയം നിർമ്മിച്ച് മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. ഇക്കാര്യത്തിൽ മാധ്യമ പ്രചരണങ്ങൾക്കനുസരിച്ച് പ്രതികരണങ്ങൾ നടത്തുന്നവർ ജാഗ്രത പുലർത്തണം. ഇടതുപക്ഷ വിരുദ്ധരുടെ അജണ്ടക്ക് വിധേയരാകരുത്.
ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത്. ഇത് അധികാരം നഷ്ടപ്പെട്ട വലതു പക്ഷത്തിന് സഹിക്കാവുന്നതായിരുന്നില്ല. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്താൽ അർഹരായ ഗുണഭോക്താക്കൾക്ക് പോലും ആനുകൂല്യങ്ങൾ തടസപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്. ഇത്തരം ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ തന്നെയാണ് കൊണ്ടു വന്നത് എന്നതും മറക്കാവുന്നതല്ല. സാമ്പത്തിക ഞെരുക്കത്തിൻ്റെ ഫലമായുള്ള പ്രയാസങ്ങൾക്ക് ഉത്തരവാദി കേരള സർക്കാരാണെന്ന് തോന്നിപ്പിക്കുന്ന നിലയിലുള്ള പ്രചാരണ പരിപാടികൾ അരങ്ങേറുകയാണ്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇത്തവണയും ഒന്ന് മാത്രം. കഴിഞ്ഞ തവണത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി യുഡിഎഫ് നേട്ടം കൊയ്തതു പോലെ ഇത്തവണയും യുഡിഎഫ് നടത്തിയ പ്രചരണം കുറേ വോട്ടർമാരെ നമുക്ക് എതിരാക്കി തീർത്തിട്ടുണ്ടോ എന്ന പരിശോധന നടക്കാനിരിക്കയാണ്.
അതോടൊപ്പം ഗൗരവതരമായ പ്രശ്നമാണ് ബിജെപിയുടെ ഒരു സീറ്റിലെ വിജയവും അവരുടെ വോട്ട് വർദ്ധനയും. കേരളത്തിലെ വിവിധ ജില്ലകളിൽ ആർഎസ്എസിൻ്റെ അക്രമത്തിനിരയായി ജീവനും രക്തവും നൽകിയാണ് സംഘപരിവാർ ശക്തികളെ നാം പ്രതിരോധിച്ചത് അതോടൊപ്പം വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരായും നിരന്തരമായ ഇടതുപക്ഷത്തിൻ്റെ സമരം കൂടിയാണ് സംഘപരിവാറിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനിടയാക്കിയത്. ഇവിടെ കോൺഗ്രസോ യുഡിഎഫോ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അത്തരം ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണുണയാത്. തെരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തികൾക്കെതിരായ സമരം ദുർബലമായതിൻ്റെ അടിസ്ഥാനത്തിൽ വഴി തെറ്റിക്കപ്പെട്ട ആളുകളെ മതനിരപേക്ഷ ചേരിയിൽ അണിനിരത്താനുള്ള ശ്രമവും ശക്തിപ്പെടുത്തണം.
എന്തെല്ലാം ഘടകങ്ങൾ തെരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കി എന്ന കാര്യം ഉൾപ്പാർട്ടി ചർച്ചകൾക്ക് ശേഷം ജനങ്ങളോട് തുറന്ന് പറയും. അതിന് മുമ്പ് വലതുപക്ഷ മാധ്യമ പ്രചരണത്തിൻ്റെ താളത്തിനൊത്ത് തുള്ളാതിരിക്കാൻ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News