ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഹോട്ടലിൽ വൻ പൊട്ടിത്തെറി. സമീപത്തെ ആറ് കുടിലുകൾ തകർന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡ് നമ്പർ വൺ ജൂബിലി ഹിൽസിലെ തെലങ്കാന സ്‌പൈസ് കിച്ചണിലാണ് സ്‌ഫോടനം ഉണ്ടായത്.
സ്‌ഫോടനത്തിൽ ഹോട്ടലിൻ്റെ മതിലിന് കേടുപാടുകൾ സംഭവിച്ചു. മതിലിലെ കല്ലുകളും സിമൻ്റ് ഇഷ്ടികകളും വായുവിൽ പറന്ന് 20 മീറ്ററോളം അകലെയുള്ള കുടിലുകളിൽ പതിച്ചു. ദുർഗാ ഭവാനി നഗർ ബസ്തിയിലെ താമസക്കാർ പരിഭ്രാന്തിയിലായി. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ വൈദ്യുത തൂണുകളും തകർന്നുവീണു.
Read Also: കാനഡയിൽ പോകാൻ സമ്മതിച്ചില്ല; ഡൽഹിയിൽ മകൻ അമ്മയെ കൊന്നു
ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ദുരന്ത നിവാരണ സേനയും (ഡിആർഎഫ്) അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഹോട്ടലിലെ റഫ്രിജറേറ്റർ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഖൈരതാബാദ് എംഎൽഎ ദാനം നാഗേന്ദർ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിജയ് കുമാർ, അസിസ്റ്റൻ്റ് കമ്മീഷണർ വെങ്കടഗിരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here