തെരുവുകളിലൂടെ ഒഴുകിയത് രക്തത്തിന് സമാനമായ ചുവന്ന ദ്രാവകം; ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം ഹൈദരാബാദിൽ

blood like chemical

ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഹൈദരാബാദിലെ തെരുവുകളിലൂടെ ഒഴുകിയ ചുവന്ന ദ്രാവകം. ഹൈദരാബാദിലെ ജീഡിമെറ്റ്‌ല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള വെങ്കടാദ്രി നഗർ പ്രദേശത്താണ് രക്തത്തോട് സാമ്യമുള്ള ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴുകിയെത്തിയത്. മാൻഹോളിൽ നിന്ന് ഈ ദ്രാവകം പുറത്തേക്ക് ഒഴുകിയിറങ്ങിയത് പരിസരവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ദ്രാവകം പുറത്തേക്ക് ഒഴുകിയപ്പോഴുണ്ടായ ദുർഗന്ധവും ശ്വാസതടസ്സവും ആളുകളിൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി.

ഇതോടെ പരിഭ്രാന്തരായ നാട്ടുകാർ മുനിസിപ്പൽ അധികൃതരെ സമീപിക്കുകയായിരുന്നു. ഇത്തരത്തിൽ ഒഴുകിയിറങ്ങിയ ദ്രാവകം രക്തമല്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാരിൽ ആശ്വാസമുണ്ടായത്. സമീപത്തെ വ്യാവസായിക യൂണിറ്റുകളിൽ നിന്ന് പുറന്തള്ളിയ ചുവന്ന നിറത്തിലുള്ള രാസവസ്തുവാണ് ഇതെന്നും അധികൃതർ നാട്ടുകാരെ അറിയിച്ചു. വ്യവസായ മേഖലയോട് ചേർന്നാണ് സുഭാഷ് നഗർ ഡിവിഷനിലെ വെങ്കടാദ്രി നഗർ സ്ഥിതിചെയ്യുന്നത്.

പ്രദേശത്തെ ചില വെയർഹൗസുകളുടെ ഉടമകൾ പറയുന്നതനുസരിച്ച്, കുറച്ച് വ്യാവസായിക യൂണിറ്റുകൾ നേരിട്ട് രാസവസ്തുക്കൾ ഡ്രെയിനേജ് സംവിധാനത്തിലേക്ക് പുറന്തള്ളുന്നുണ്ട്. ഇതിനെതിരെ നഗരസഭാ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. രാസമാലിന്യങ്ങൾ ആരോഗ്യത്തെ ബാധിക്കുന്നതിൽ ആശങ്കയുണ്ടെന്നും അടിയന്തര നടപടി വേണമെന്നും പരിസരവാസികൾ ആവശ്യപ്പെട്ടു.

തെലങ്കാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും വ്യവസായശാലകൾ രാസവസ്തുക്കൾ പുറന്തള്ളുന്നത് പരിശോധിക്കാൻ നടപടിയെടുക്കുമെന്ന് താമസക്കാർക്ക് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, മൂസി നദിയിലേക്ക് വിഷ രാസവസ്തുക്കൾ തള്ളാനുള്ള ശ്രമം ആളുകൾ തടഞ്ഞിരുന്നു.

ഒരു ട്രക്ക് ഡ്രൈവർ ബാപ്പുഘട്ടിലെ മുസി നദിയിലേക്ക് രാസ വ്യവസായ മാലിന്യം തള്ളാൻ ശ്രമം നടത്തിയിരുന്നു. സൈബരാബാദ് കമ്മീഷണറേറ്റിലെ രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം നാട്ടുകാരിൽ രോഷത്തിനിടയാക്കി. വ്യാവസായിക മാലിന്യങ്ങൾ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട താമസക്കാർ ട്രക്ക് ഡ്രൈവറെ തടഞ്ഞു. പൊലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ട്രക്ക് ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News