ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ മോട്ടോറാഡ് ഇന്ത്യ വാഹന നിര്‍മാണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്തവരാണെന്ന ഖ്യാതി മുന്‍പേ ഉള്ളവരാണ്. ഇപ്പോഴിതാ ആ ശ്രേണിയിലേക്ക് കമ്പനി പുതിയൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തെക്കൂടി അവതരിപ്പിക്കുകയാണ്. സിഇ 04 എന്ന സീരീസില്‍ അവതരിപ്പിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂലായ് 24ന് കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ബുക്കിങ് കമ്പനി നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി ഷോറൂം സന്ദര്‍ശിച്ച് വാഹനം ബുക്ക് ചെയ്യാം. വാഹനത്തിന്റെ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച് നിലവില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് നീളമുള്ള വീല്‍ബേസ് ആയിരിക്കും വാഹനത്തിന് ഉണ്ടായിരിക്കുക. കൂടാതെ വിശാലമായ പ്രൊഫൈല്‍ ഉള്ളതുകൊണ്ട് ഈ സ്‌കൂട്ടര്‍ കൂടുതല്‍ മസ്‌കുലര്‍ ആയി കാണപ്പെടുന്നു. വാഹനത്തിന്റെ ഭാരവും വളരെ ഉയര്‍ന്നതായിരിക്കും. മാത്രമല്ല, വാഹനം വളരെ നീളമുള്ളതും പിന്‍ചക്രം സീറ്റില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലായതും ഈ വാഹനത്തെ ആകര്‍ഷണീയമാക്കുന്നതാണ്. മൊത്തത്തില്‍, ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ മറ്റെല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തികച്ചും വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
BMW CE 04-ന്റെ സാങ്കേതിക സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 15 kw ലിക്വിഡ്-കൂള്‍ഡ് സിന്‍ക്രണസ് മോട്ടോര്‍ ആണുള്ളത്. ഇത് 41 BHP കരുത്തും 61 NM ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. വാഹനത്തിന് 8.9 KWH ബാറ്ററി പാക്കപ്പ് ആണുള്ളത്. അതുകൊണ്ട് തന്നെ ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. 2.6 സെക്കന്‍ഡിനുള്ളില്‍ 0-50 കി.മീ / മണിക്കൂര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും. ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 120 കി.മീ. ആയിരിക്കും. വാഹനം സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിലും ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1.40 മണിക്കൂറിനുള്ളിലും നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും. കൂടാതെ, ഫ്‌ളോട്ടിങ് സീറ്റ്, ലെയേര്‍ഡ് സൈഡ് പാനല്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, 3 റൈഡ് മോഡുകള്‍, ASC, ഡ്യുവല്‍-ചാനല്‍ ABS, കീലെസ് ആക്സസ്, BMW മോട്ടോറാഡ് കണക്റ്റഡ് ടെക്നോളജി തുടങ്ങി നിരവധി സവിശേഷതകള്‍ ഈ സ്‌കൂട്ടറില്‍ ഉണ്ടാകും.
കൂടാതെ, റിവേഴ്‌സ് ഓടുന്ന പ്രവര്‍ത്തനക്ഷമതയും സ്‌കൂട്ടറില്‍ ലഭ്യമായിരിക്കും. പഴയ 3-സീരീസ് സെഡാന് സമാനമായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി ഇതിന് 10.25 ഇഞ്ച് സ്‌ക്രീന്‍ ലഭിക്കും. സസ്പെന്‍ഷനു വേണ്ടി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റും നല്‍കിയിട്ടുണ്ട്. ബ്രേക്കിങിനായി ഡിസ്‌ക് ബ്രേക്കുകളും സിംഗിള്‍ സൈഡഡ് സ്വിംഗാര്‍മും ഇരുചക്രങ്ങളിലും ലഭ്യമാകും. അതേസമയം, വാഹനത്തിന്റെ വില സംബന്ധിച്ചും റിപ്പോര്‍ട്ടുകളുണ്ട്. 9 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here