സുഡാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

സുഡാനിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയേയും മകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി എംബസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടു കൂടിയാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഉംദുര്‍മന്‍ എന്ന സ്ഥലത്തുള്ള ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയതായാണ് വിവരം. ശനിയാഴ്ച രാത്രിയായിരുന്നു സൈന്യവും അര്‍ധ സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആര്‍ബര്‍ട്ട് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിലെ ജനലിലൂടെ ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും മകളും ഫ്‌ളാറ്റിലെ തന്നെ സുരക്ഷിത സ്ഥാലത്ത് അഭയം പ്രാപിച്ചു. മൃതദേഹം നീക്കം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും സഹായം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലത്ത് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സുഡാനിലെ ഇന്ത്യന്‍ എംബസിയും ആല്‍ബര്‍ട്ട് ജോലി ചെയ്യുന്ന സ്ഥാപനവും ഇടപെടല്‍ നടത്തി. മൃതദേഹം അഴുകാതിരിക്കാനുള്ള ഐസ് ബാഗുകള്‍ എത്തിക്കുകയാണ് ആദ്യം ചെയ്തത്. ഇന്നലെ രാത്രി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെ മൃതദേഹം ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. ആര്‍ബട്ടിന്റെ ഭാര്യയേയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളേയും ഫ്‌ളാറ്റിലെ തന്നെ സുരക്ഷതി ഇടത്തേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടം കലുഷിതമായാല്‍ കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സുഡാനില്‍ സെക്യൂരിറ്റി മാനേജരായി ജോലി നോക്കിവരികയായിരുന്നു വിമുക്തഭടന്‍ കൂടിയായ ആല്‍ബര്‍ട്ട്. വേനല്‍ അവധി ആഘോഷിക്കുന്നതിനായി ഭാര്യ സൈബല്ലത്തും മകളും കഴിഞ്ഞയാഴ്ചയാണ് സുഡാനില്‍ എത്തിയത്. സുഡാനില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തുടരാന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News