‘ഇത് ചില്ലറ കളിയല്ല കേട്ടോ…’; ബോഡി ഷെയ്‌മിങ്ങും ഗാർഹിക പീഡന പരിധിയിൽപ്പെടും, ഉത്തരവിട്ട് ഹൈക്കോടതി

high-court-kerala

സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കളിയാക്കി സംസാരിക്കുന്നത് ഗാർഹിക പീഡനമെന്ന് ഹൈക്കോടതി. ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബോഡി ഷെയ്‌മിങ് നടത്തുകയും, വിദ്യാഭ്യാസയോഗ്യത പരിശോധിച്ച് കളിയാക്കി എന്നീ കാരണങ്ങളാൽ നൽകിയ പരാതിയിൽ ഭർത്തൃസഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളിയത്.

കണ്ണൂർ കൂത്തുപറമ്പ് പൊലീസാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തത്‌. ഇതിൽ ഹർജിക്കാരി മൂന്നാം പ്രതിയാണ്. ഒന്നും, രണ്ടും പ്രതി സ്ഥാനത്ത് ഭർത്താവും, ഭർതൃപിതാവുമാണുള്ളത്. ഭർതൃവീട്ടിലെ താമസക്കാരെയെല്ലാം ബന്ധുവായി കണക്കാക്കാമെന്നും, അവർക്കെതിരെ ഗാർഹിക നിയമപ്രകാരം കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

2019 ലാണ് പരാതിക്കാരിയായ യുവതി വിവാഹം ചെയ്ത് ഭർതൃവീട്ടിലെത്തുന്നത്. യുവതിക്ക് നല്ല ശരീര ഭംഗിയില്ലെന്നും, അനിയന് കൂടുതൽ സുന്ദരിയായ പെൺകുട്ടിയെ ഭാര്യയായി ലഭിക്കുമായിരുന്നു എന്നെല്ലാം പറഞ്ഞ് ഭർത്താവിന്റെ ചേട്ടന്റെ ഭാര്യ ആക്ഷേപിക്കുമായിരുന്നു. അതോടൊപ്പം തന്നെ പരാതിക്കാരിയുടെ എംബിബിഎസ് യോഗ്യതയിൽ സംശയം പ്രകടിപ്പിക്കുകയും, സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തു.

ഇതോടെ ബുദ്ധിമുട്ടിലായ യുവതി 2022 -ൽ ഭർതൃവീട്ടിൽ നിന്ന് താമസം മാറുകയും പരാതി നൽകുകയുമായിരുന്നു. എന്നാൽ, ഇതൊന്നും ഗാർഹികപീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വാദിച്ചായിരുന്നു ഹർജിക്കാരി അപ്പീൽ നൽകിയത്. തനിക്ക് പരാതിക്കാരിയുടെ രക്തബന്ധമില്ലെന്നും, അതിനാൽ ഗാർഹിക പീഡനം തന്റെമേൽ ചുമത്താനാകില്ലെന്നും ഇവർ വാദിച്ചു. എന്നാൽ, ഈ അപ്പീൽ കോടതി അംഗീകരിച്ചില്ല. ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകു എന്നും കോടതി വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ നിലവിൽ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലുള്ള കേസ് തുടരാനും ഹൈക്കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk