സിനിമ-രാഷ്ട്രീയ ജീവിതത്തില്‍ സാമ്യതയുള്ള ഇന്നസെന്റിന്റെ അപരന്‍

ആര്‍.രാഹുല്‍

മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ് ഓര്‍മ്മയായി. മലയാളികളുടെ മനസില്‍ ഒരിക്കലും മരിക്കാത്ത മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് മലയാളത്തിന്റെ ഒരേ ഒരു ഇന്നസെന്റ് അരങ്ങൊഴിയുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള ഒരു കുറിപ്പില്‍ മോഹന്‍ലാല്‍ എഴുതിയത് ‘ഇന്നസെന്റ് എന്ന പേര് ഇന്നസെന്റിനല്ലാതെ മറ്റാര്‍ക്കും ചേരില്ല’ എന്നാണ്. ഇത് വെറും വാക്കല്ലെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ശേഷമാണ് മലയാളത്തിന്റെ പ്രിയനടന്‍ വിടവാങ്ങുന്നത്.

ബോളിവുഡിലും ഇന്നസെന്റിന്റെ അപരന്‍ എന്ന് പറയാന്‍ കഴിയുന്ന ഒരു വ്യക്തിയുണ്ട്. ഹാസ്യനടനും, നിര്‍മ്മാതാവുമായ പരേഷ് റാവല്‍. മലയാളത്തില്‍ ഇന്നസെന്റ് അനശ്വരമാക്കിയ ഒരു പിടി കഥാപാത്രങ്ങളെ ഹിന്ദി റീമേക്കുകളില്‍ അവതരിപ്പിച്ചിട്ടുണ്ട് പരേഷ് റാവല്‍. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എങ്കിലും മലയാളത്തില്‍ ഇന്നസെന്റ് അനശ്വരമാക്കിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രിയദര്‍ശന്റെ കണ്ടെത്തലായിരുന്നു പരേഷ് റാവല്‍. ഇന്നസെന്റിന്റെ മികവില്ലെന്ന് നമുക്ക് തോന്നാമെങ്കിലും ബോളിവുഡിലും ഇന്നസെന്റ് കഥാപാത്രങ്ങള്‍ പരേഷ് റാവല്‍ അനശ്വരമാക്കി.

സിനിമാ ജീവിതത്തില്‍ മാത്രമല്ല രാഷ്ട്രീയ ജീവിതത്തിലും ഇരുവരും തമ്മില്‍ ചില സാമ്യതകളുണ്ട്. പക്ഷെ അത് ഇരുവരും ഉയര്‍ത്തിപ്പിടിച്ച ആശയത്തിന്റെ പേരിലല്ല. 2014 മുതല്‍ 2019 വരെ ഒരേ ലോക്‌സഭയില്‍ ഇരുവരും അംഗങ്ങളായിരുന്നു എന്നതാണ് ഒരേയൊരു സാമ്യം. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ഇടതു മുന്നണി പ്രതിനിധിയായിട്ടാണ് ഇന്നസെന്റ് ലോക് സഭയില്‍ എത്തിയത്. എന്നാല്‍ അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ബിജെപി അംഗമായിട്ടാണ് ബോളിവുഡിന്റെ ഇന്നസെന്റ് ലോക്‌സഭയില്‍ എത്തിയത്.

പ്രിയദര്‍ശന്റെ മലയാളം സിനിമകള്‍ ബോളിവുഡില്‍ എടുത്തപ്പോള്‍ ഇന്നസെന്റ് ചെയ്ത കഥാപാത്രത്തെ പരേഷ് റാവല്‍ അവതരിപ്പിച്ചത് പോലെ പരേഷ് റാവല്‍ ബോളിവുഡില്‍ ചെയ്ത ഒരു കഥാപാത്രത്തെ ഇന്നസെന്റ് മലയാളത്തിലും അവതരിപ്പിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ഒരുക്കിയ ‘മാല്‍മാല്‍ വീക്ക്‌ലി’ എന്ന ചിത്രത്തില്‍ പരേഷ് റാവല്‍ അവതരിപ്പിച്ച ലീലാറാം എന്ന കഥാപാത്രം മലയാളത്തില്‍ അവതരിപ്പിച്ചത് ഇന്നസെന്റായിരുന്നു. ആമയും മുയലും എന്ന ആ മൊഴി മാറ്റ ചിത്രത്തില്‍ നല്ലവന്‍ എന്നായിരുന്നു ഇന്നസെന്റ് അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ പേര്. ഇന്നസെന്റും പരേഷ് റാവും ഒന്നിച്ചഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും മാല്‍മാല്‍ വീക്ക്‌ലി എന്ന സിനിമക്ക് ഉണ്ട്. ലോട്ടറി അടിച്ച വാര്‍ത്തയറിഞ്ഞ സന്തോഷത്തില്‍ മരണപ്പെടുന്ന ആന്റണി എന്ന കഥാപാത്രത്തെയായിരുന്നു പരേഷ് റാവല്‍ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്.

മലയാളത്തില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ത്ത 1989 ല്‍ പുറത്തിറങ്ങി റാംജിറാവ് സ്പീക്കിംഗ് എന്ന സിദ്ധിക്ക് ലാല്‍ സിനിമ 2000 ല്‍ ഹെരാ ഫേരി എന്ന പേരില്‍ പ്രിയദര്‍ശന്‍ മൊഴിമാറ്റി ഹിന്ദിയില്‍ അവതരിപ്പിച്ചു. ഇന്നസെന്റ് അനശ്വരമാക്കിയ മന്നാര്‍ മത്തായി ഹിന്ദിയില്‍ എത്തിയപ്പോള്‍ ബാബുറാവ് ഗണപതിറാവു ആപ്തേ എന്ന ‘ബാബു ഭയ്യ’യായി മാറി. പരേഷ് റാവലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. രൂപ മാറ്റം, സംസാര ശൈലി എന്നിവയില്‍ എല്ലാം മാറ്റം വരുത്തി ഇന്നസെന്റ് ചെയ്ത അതേ രീതിയില്‍ അല്ല ആ സിനിമയിലെ ബാബുറാവിനെ അതരിപ്പിച്ചത്. എന്നിരുന്നാലും ബാബു റാവ് ഗണ്‍പത് റാവു ആപ്‌തെ എന്ന കഥാപാത്രം ബോളീവുഡില്‍ ഒരു തരംഗമായി മാറി. 2006 ല്‍ പിന്നീട് ഫിര്‍ ഹെറാ ഫേരി എന്ന പേരില്‍ നീരജ് വോറ മന്നാര്‍ മത്തായി സ്പീക്കിംഗിനെയും മൊഴി മാറ്റി ബോളിവുഡില്‍ ഒരുക്കി.

ആ രണ്ട് സിനിമയെക്കാള്‍ കൂടുതല്‍ ഒരു പക്ഷെ ബാബുറാവ് എന്ന പേര് ആളുകളിലേക്ക് ആഴത്തില്‍ എത്തി. ബോളിവുഡിലെ ഒരു ‘കള്‍ട്ട് ഫോളോവിംഗ് ഇമേജ്’ ആയി ബാബുറാവ് മാറുകയായിരുന്നു. റാംജിറാവ് സ്പീക്കിംഗിലെ മാന്നാര്‍ മത്തായി മലയാളികളുടെ മനസില്‍ കുടിയേറിയ പോലെ തന്നെ എന്ന് പറയുന്നതാവും കൂടുതല്‍ ശരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News