മയക്കുമരുന്ന് കൈവശം വച്ച കേസില്‍ റിമാന്‍ഡിലായ ഗര്‍ഭിണിക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. ജയിലില്‍ കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ജയിലില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് ഗുരുതരമായ ആഘാതങ്ങള്‍ സൃഷ്ടിക്കും ഇതിനാല്‍ ഇത്തരം കേസുകളില്‍ മാനുഷിക പരിഗണനനല്‍കാമെന്ന് ഇക്കാര്യം വീണ്ടും വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍ക്കേ തടവുകാരിക്ക് ജാമ്യം അനുവദിച്ചത്.
ALSO READ: http://മഹായുതിയുടെ പ്രധാന യോഗം റദ്ദാക്കി, ഷിന്‍ഡേ സ്വന്തം ഗ്രാമത്തിലേക്ക്; പിന്നില്‍ അതൃപ്തിയോ?
ജയില്‍ അന്തരീക്ഷത്തില്‍ കുഞ്ഞിനെ പ്രസവിക്കുന്നത് അമ്മയെ മാത്രമല്ല കുഞ്ഞിനെയും ബാധിക്കും. അതിന് നേരെ കണ്ണടയ്ക്കാനാകില്ല. എല്ലാ വ്യക്തികള്‍ക്കും അന്തസുണ്ട് ചില സാഹചര്യങ്ങളില്‍ അതില്‍ തടവുകാരെയും ഉള്‍പ്പെടുത്താം. അമ്മയെയും കുഞ്ഞിനെയും ഇക്കാര്യം ബാധിക്കുമെന്ന കാരണത്താല്‍ ഇവിടെ മാനുഷിക പരിഗണന ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ആറുമാസത്തെ ജാമ്യമാണ് തടവുകാരിക്ക് കോടതി നല്‍കിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധ ആളുകളില്‍ നിന്നായി ആറുലക്ഷത്തിലധികം വിലവരുന്ന 33.2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ഏഴുകിലോയോളം ഈ തടവുകാരിയുടെ പക്കലായിരുന്നു. ഇവരുടെ ബാക്ക്പാക്കില്‍ നിന്നാണ് പൊലീസിത് കണ്ടെടുത്തത്. ഇവര്‍ക്കൊപ്പം ഭര്‍ത്താവും മറ്റൊരു കൂട്ടുപ്രതിയുമുണ്ടായിരുന്നു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ അത്യാവശ്യമായി തന്നെ മെഡിക്കല്‍ സഹായം തടവുകാരിക്ക് ആവശ്യമാണെന്ന വാദമാണ് അവരുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. അവരുടെ ഗുരുതരമായ തെറ്റിനെ ചൂണ്ടിക്കാട്ടി അതിനെ എതിര്‍ത്താണ് സര്‍ക്കാര്‍ വാദിച്ചത്.
അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവം തന്നെയാണെന്ന് വ്യക്തമാക്കിയ കോടതി വീണ്ടും മാനുഷിക പരിഗണന ഊന്നിപറഞ്ഞാണ് ജാമ്യം അനുവദിക്കാന്‍ തയ്യാറായത്. മാത്രമല്ല കേസില്‍ അന്വേഷണം പൂര്‍ത്തിയായി, ചാര്‍ജ്ഷീറ്റും സമര്‍പ്പിച്ച സാഹചര്യത്തില്‍ തെളിവു നശിപ്പിക്കല്‍, ദൃക്‌സാക്ഷികളെ സ്വാധീനിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഒപ്പം ഗര്‍ഭിണികളായ തടവുകാരികള്‍ക്ക് താല്‍കാലികമായി ഇത്തരത്തില്‍ ഇളവുകള്‍ നല്‍കുന്നതിന് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശമുണ്ടെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു.
അഡ്വ എംവി റായി തടവുകാരിക്കായി ഹാജരായപ്പോള്‍, അഡിഷ്ണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ് വി നരാല്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here