ബോളിവുഡ് നടൻ ഷാരൂഖാനുമായുള്ള ചാറ്റ് പുറത്ത് വിട്ട സംഭവത്തിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഓഫീസർ സമീർ വാങ്കഡെയെ ശാസിച്ച് ബോംബെ ഹൈക്കോടതി. “കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, എന്തിന് നിങ്ങൾ വാട്ആപ്പ് ചാറ്റ് പുറത്തുവിട്ടു?”- വാങ്കഡെയോട് കോടതി ചോദിച്ചു. ജൂൺ 8ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അത് വരെ വാങ്കഡെയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തു.
ഷാരൂഖ് ഖാന്റെ ചാറ്റുകൾ ഒരു വിഭാഗം മാധ്യമങ്ങൾക്ക് വാങ്കഡെ മനഃപൂർവം ചോർത്തി നൽകിയെന്നും ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും സിബിഐ കോടതിയിൽ പറഞ്ഞു. അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഉദ്യോഗസ്ഥന് കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ആര്യൻഖാനെ രക്ഷിക്കണമെന്ന് ഷാരൂഖ് ആവശ്യപ്പെടുന്നത് എന്ന തരത്തിലുള്ള സ്ക്രീൻഷോട്ടുകളാണ് വാങ്കഡെ പുറത്ത് വിട്ടത്. ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലിൽ കഴിയാൻ ആര്യന് അർഹതയില്ലെന്നും അവനെ രക്ഷിക്കണമെന്നും ഷാരൂഖ് വാങ്കഡെയോട് പറയുന്നത് ചാറ്റുകളിൽ കാണാം. അവനെ ജയിലിലേക്ക് അയച്ചാൽ പൂർണമായും തകർന്നാകും അവൻ തിരിച്ച് വരികയെന്നും ഷാരൂഖ് വാങ്കഡെയോട് പറയുന്നതായി ചാറ്റുകളിൽ കാണാം.
എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന് സിബിഐ റിപ്പോർട്ടിൽ ആരോപണം ഉന്നയിച്ചിരുന്നു. ആര്യനെ ലഹരിക്കേസിൽ പെടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കമെന്നും ഇതിനായി സമീർ സാക്ഷിയായ ഗോസാവിക്കിനൊപ്പം ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു.
ആര്യൻ ഖാനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 25 കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് സിബിഐയുടെ പ്രാഥമിക എഫ്ഐആറിൽ സൂചിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐയുടെ തീരുമാനം. സമീർ വാങ്കഡെ ഇതിനോടകം 15 ലക്ഷം തട്ടിയെടുത്തുവെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ആരോപണങ്ങൾ ഉയരുന്നതിന് പിന്നാലെ സമീർ വാങ്കഡെയെ സോണൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന്, എൻസിബിയുടെ മുതിർന്ന അന്വേഷണസംഘം സമീർ വാങ്കഡെക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ആര്യൻ ഖാനെ കുടുക്കിയതാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എട്ട് എൻ.സി.ബി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ക്രമക്കേട് കാട്ടിയതായും റിപ്പോർട്ടിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here