ഓണത്തോട് അനുബന്ധിച്ചുള്ള ബോണസ് തർക്കങ്ങൾ അടിയന്തരമായി പരിഹരിക്കും. തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിളിച്ചു ചേർത്ത തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തിൽ ആണ് തീരുമാനമായിരിക്കുന്നത്. ബോണസ് തർക്കങ്ങൾ നടക്കുന്നിടത്ത് ജില്ലാ ലേബർ ഓഫീസർമാർ അടിയന്തരമായി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും തീരുമായിട്ടുണ്ട്.
അതുപോലെ തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കാനും കുടിശ്ശിക സംബന്ധിച്ചും ചർച്ചകൾ നടന്നു. തൊഴിലാളികൾക്ക് അനുകൂലമായ തീരുമാനങ്ങൾ ആണ് യോഗത്തിൽ ഉണ്ടായത്. തോട്ടം മേഖലയിലെ പൊതുവായ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ലേബർ കമ്മീഷണർ ചെയർമാനായ ഒരു സബ് കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ ത്വരിത ഗതിയിൽ നടന്നു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി ഈ മാസം 20-ാം തീയതി ഇടുക്കി കളക്ടറേറ്റിൽ വെച്ച് യോഗം വിളിച്ചിട്ടുണ്ട്..ലേബർ സെക്രട്ടറി അജിത് കുമാർ ഐഎഎസ്, ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ, സംസ്ഥാനത്തെ തൊഴിലാളി സംഘടനയുടെ എല്ലാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
also read; റാഫേൽ ഇടപാടിലെ നിക്ഷേപത്തിൽ വീഴ്ച്ച; റിലയൻസുമായുള്ള ഇടപാടിൽ നിന്ന് ഡാസോ പിന്മാറിയേക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here