അക്ഷരസ്നേഹികളുടേയും പുസ്തകപ്രേമികളുടേയും ഹൃദയം കവരാനൊരുങ്ങി കേരള നിയമസഭ. ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളെ ആകര്‍ഷിക്കാനായി നിയമസഭാ വളപ്പും സമുച്ചയവും ദീപാലംകൃതമാക്കിയിട്ടുണ്ട്.
വായനയാണ് ലഹരി എന്ന പ്രമേയത്തിലൊരുങ്ങുന്ന പുസ്തകോത്സവത്തില്‍ അക്ഷരക്കൂട്ടുകള്‍ ചേര്‍ത്ത മുഖപ്പോടെയാണ് നിയമസഭാ സമുച്ചയത്തിനുള്ളിലെ ഫെസ്റ്റിവല്‍ ഓഫീസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിയമസഭാ സമുച്ചയത്തിനുള്ളിലെ പ്രധാനവേദികളായ ശങ്കരനാരായണന്‍ തമ്പി ഹാളും അസംബ്ലി-അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകള്‍ക്കിടയിലെ പവിലിയനും നിയമസഭക്കു മുന്നിലെ സ്റ്റുഡന്റ്സ് കോര്‍ണറും സജ്ജമായി.
ALSO READ: ഒന്‍പതാമങ്കത്തിലും വിജയസോപാനമേറി കൊക്കല്ലൂരിന്റെ നാടകം ‘ഏറ്റം’
പ്രസാധകരുടെ പരിപാടികള്‍ക്കായുള്ള നിയമസഭയുടെ വലതും ഇടതും ഭാഗത്തായുള്ള 2 വേദികള്‍, പുസ്തക ചര്‍ച്ചകള്‍ക്കായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലെ ഹാള്‍ 5 ഇ , ബുക്ക് ഒപ്പിടലിന് നിയമസഭാ കവാടത്തിലുള്ള പ്രത്യേക വേദി ഉള്‍പ്പെടെ 7 വേദികളും പരിപാടികള്‍ക്കായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വാര്‍ത്താവിതരണത്തിന് മീഡിയാ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.
ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന 250 സ്റ്റാളുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സ്റ്റാളുകളുടെ ഉദ്ഘാടനം ഇന്ന് (ജനുവരി 7) രാവിലെ 9 മണിക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. ഈ പതിപ്പിലെ പ്രത്യേക ആകര്‍ഷണമായ സ്റ്റുഡന്റ്സ് കോര്‍ണറിന്റെ ഉദ്ഘാടനവും സിറ്റി റൈഡിന്റെ ഫ്ളാഗ് ഓഫും 11.30 ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഫുഡ്കോര്‍ട്ടും ഒരുങ്ങിക്കഴിഞ്ഞു. നിയമസഭയെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പുസ്തകമേളയുടെ രണ്ടു പതിപ്പിലും പങ്കെടുത്തവരേക്കാള്‍ കൂടുതല്‍ പേര്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here