ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍, മോറിസ് ഗരാജസ് കോമറ്റ് വിപണിയില്‍

ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ നിലയുറപ്പിച്ച ബ്രിട്ടീഷ് വാഹന കമ്പനിയാണ് മോറിസ് ഗരാജസ് അഥവാ എം.ജി. ഇന്‍റര്‍നെറ്റ് കാറുകള്‍ അവതരിപ്പിച്ചാണ് വിപണിയില്‍ എംജി ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഡ്രൈവറുടെ കമാന്‍ഡ് കേട്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു.

ഇപ്പോ‍ഴിതാ ഇലക്ട്രിക്ക് വാഹന വിപണിയില്‍ മര്‍മ്മമറിഞ്ഞ് കളത്തില്‍ ഇറങ്ങിയിരിക്കുകയാണ് എംജി. ചെറുവാഹനങ്ങള്‍ക്ക് ഏറെ സ്വീകാര്യത ലഭിക്കുന്ന രാജ്യത്ത് ഏറ്റവും ചെറിയ ഇലക്ട്രിക്ക് വാഹനമാണ് എംജി അവതരിപ്പിച്ചിരിക്കുന്നത്. ‘എംജി കോമറ്റ് ഇവി’ എന്നാണ് വാഹനത്തിന് പേര്. 11,000 രൂപ അഡ്വാന്‍സ് തുക അടച്ച് ബുക്ക് ചെയ്യാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.  മെയ് 15 മുതല്‍ ബുക്കിംഗ് ആരംഭിക്കും.

എംജിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും ഈ വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് എംജി മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. വാഹനം ബുക്ക് ചെയ്യുമ്പോള്‍ മുതല്‍ ഡെലിവറി വരെയുള്ള നടപടികള്‍ ഉപയോക്താവിന് നേരിട്ട് അറിയുന്നതിനായി ട്രാക്ക് ആന്‍ഡ് ട്രെയിസ് സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണിലെ ‘മൈ എംജി’ ആപ്പിലൂടെ വാഹനത്തിന്റെ വില്‍പ്പന നടപടികള്‍ നേരിട്ട് അറിയാനുള്ള ആപ്പ് ബെയ്‌സ്ഡ് സംവിധാനമാണിത്.

പേസ്, പ്ലേ, പ്ലെഷ് എന്നീ മൂന്ന് വേരിയന്റുകളിലാണ് എംജി കോമറ്റ് ഇവി വിപണിയില്‍ എത്തിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റായ പേസിന് 7.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അതേസമയം, പ്ലേ, പ്ലെഷ് എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 9.28 ലക്ഷം, 9.98 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.  ഈ മാസം മുതല്‍ തന്നെ കോമറ്റ് ഇവി ഉപയോക്താക്കളില്‍ എത്തിതുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എട്ട് വര്‍ഷം അല്ലെങ്കില്‍ 1.20 ലക്ഷം കിലോമീറ്ററിന്റെ ബാറ്ററി വാറണ്ടിയാണ് എംജി മോട്ടോഴ്‌സ് കോമറ്റ് ഇവിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തെ ലേബര്‍ ഫ്രീ സര്‍വീസ്, മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സുമാണ് ഈ വാഹനത്തിന് എംജി മോട്ടോഴ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്ററാണ് വാഹനത്തിന് നല്‍കുന്ന വാറണ്ടി. മൂന്ന് വര്‍ഷത്തേക്ക് 60 ശതമാനം ബൈ ബാക്ക് പദ്ധതിയും എംജി മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുണ്ട്.

എംജി മോട്ടോഴ്സില്‍ നിന്ന് വിപണിയില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമറ്റ് ഇവി. പ്രധാനമായും നഗരപ്രദേശങ്ങളിലെ യാത്ര ലക്ഷ്യമാക്കി എത്തിയിട്ടുള്ള വാഹനമാണ് കോമറ്റ് ഇവിയെന്നാണ് എംജി മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് യാത്ര ചെലവിനായി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരുന്നുള്ളു എന്നാണ് കോമറ്റിന്‍റെ സവിശേഷതയായി എംജി മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.

വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐ.പി.67 റേറ്റിങ്ങ് നേടിയിട്ടുള്ള 17.3 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇലക്ട്രിക് ബാറ്ററിയാണ് ഇതിലുള്ളത്. 42 പി.എസ്. പവറും 110 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറാണ് ഈ വാഹനത്തിലുള്ളത്. എ.സി ചാര്‍ജിങ്ങ് മാത്രമുള്ള വാഹനം പൂര്‍ണമായും ചാര്‍ജ് നിറയാന്‍ ഏഴ് മണിക്കൂര്‍ വേണം.

എംജി സെഡ്എസ് ഇവി ആണ് മോറിസ് ഗരാജസിന്‍റെ മറ്റൊരു ഇലക്ട്രിക് വാഹനം. 23.38 ലക്ഷം മുതല്‍ 27.40 ആണ് എക്സ് ഷോറൂം വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News