താനൂര്‍ ബോട്ടപകടം; കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി

താനൂരില്‍ ബോട്ടപകടത്തില്‍ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തില്‍പെട്ട് പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കില്‍ ബന്ധുക്കള്‍ക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കള്‍ തന്നെ ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തില്‍പെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
പരുക്കേറ്റ പത്തുപേര്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒന്‍പത് പേര്‍ അപകടനില തരണം ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധര്‍ അടക്കം ഉള്‍പ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുക. ഇതിന് പുറമേ പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തും. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ പരുക്കേറ്റ് ചികിത്സയിലുള്ള മുഴുവന്‍ പേരുടേയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News