ഐറിഷ് സാഹിത്യകാരൻ ബ്രാം സ്റ്റോക്കറുടെ ‘ഗിബ്ബെറ്റ് ഹിൽ’ എന്ന പ്രേതകഥ 134 വർഷങ്ങൾക്കുശേഷം വീണ്ടും വായനക്കാരിലേക്ക്. തന്റെ പേനത്തുമ്പിലൂടെ ‘ഡ്രാക്കുള’യെ സൃഷ്ടിച്ച സാഹിത്യകാരനാണ് ബ്രാം സ്റ്റോക്കർ. അമാനുഷിക കഥാപാത്രത്തെ നായകനാക്കി സ്റ്റോക്കർ രചിച്ച ചെറുകഥ അയർലൻഡിലെ നാഷണൽ ലൈബ്രറിയുടെ ചരിത്രരേഖകളിൽനിന്നാണ് വീണ്ടും ലഭിച്ചത്. സ്റ്റോക്കറുടെ കടുത്ത ആരാധകനും ചിത്രകാരനുമായ ബ്രയാൻ ക്ലിയറിയാണ് ഈ നോവൽ വീണ്ടും കണ്ടെത്തിയത്.
പിൽക്കാലത്ത് അച്ചടി അവസാനിപ്പിച്ച ഒരു ഐറിഷ് ദിനപത്രത്തിൽ, 1890-ൽ ‘ഗിബ്ബെറ്റ് ഹിൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, പിന്നീടൊരിക്കലും ഈ കഥ അച്ചടിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്റ്റോക്കറുടെ കൃതികളുടെ ശേഖരത്തിലും ഈ കഥയുടെ പേരില്ലായിരുന്നു.
1891-ൽ ന്യൂ ഇയറിൽ പുറത്തിറങ്ങിയ ഡബ്ലിൻ ഡെയ്‌ലി എക്സ്‌പ്രസിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽനിന്നാണ് ‘ഗിബ്ബെറ്റ് ഹില്ലി’നെക്കുറിച്ച് ക്ലിയറി ആദ്യം മനസ്സിലാക്കുന്നത്. പിന്നീട് നടത്തിയ തിരച്ചിലിൽ രണ്ടാഴ്ച മുൻപത്തെ പത്രത്തിൽ ഈ കഥ അച്ചടിച്ചുവന്നതായി കണ്ടെത്തി. ഡ്രാക്കുള എഴുതുന്നതിന് ഏഴുവർഷം മുൻപാണ് സ്റ്റോക്കർ ‘ഗിബ്ബെറ്റ് ഹിൽ’ എഴുതിയതെന്ന് കരുതപ്പെടുന്നു.
മൂന്ന് കുറ്റവാളികൾ ചേർന്ന് കൊലപ്പെടുത്തി കഴുമരത്തിൽ കെട്ടിത്തൂക്കിയ നാവികന്റെ കഥയാണ് ‘ഗിബ്ബെറ്റ് ഹില്ലി’ൽ. 1839-ൽ ചാൾസ് ഡിക്കൻസിന്റെ ‘നിക്കോളാസ് നിക്ക്‌ൽബി’ എന്ന നോവലിന് പശ്ചാത്തലമായ സറേയിലെ ഗിബ്ബെറ്റ് ഹില്ലാണ് ഈ കഥയുടെ പശ്ചാത്തലം. 1912 ഏപ്രിൽ 20-നായിരുന്നു ബ്രാം സ്റ്റോക്കർ മരിച്ചത്. ഒക്ടോബർ 25 മുതൽ 28 വരെ ഡബ്ലിനിൽ നടക്കുന്ന ബ്രാം സ്റ്റോക്കർ ഉത്സവത്തിൽ ‘ഗിബ്ബെറ്റ് ഹില്ലി’ന്റെ ഔദ്യോഗികപ്രകാശനം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here