കൊന്ന് പെട്ടിയിലാക്കി കുഴിച്ചിട്ടു, മൃതദേഹം കണ്ടെത്തിയത് നീണ്ട തിരച്ചിലിന് ശേഷം, ബ്രസീലിയൻ നടന്റെ മരണം ദാരുണം

ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് ബ്രസീലിയൻ പൊലീസ്. മച്ചാഡോയുടെ മൃതദേഹം വീടിന് പിറകിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.

വീടിന് പിറകിൽ ആറടിയോളം താഴ്ചയിൽ കുഴിയെടുത്ത് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഇരുകൈകളും കെട്ടിയിട്ടാണ് മച്ചാഡോയെ കുഴിച്ചുമൂടിയത്. മൃതദേഹം അടങ്ങിയ പെട്ടി കോൺക്രീറ്റ് കൊണ്ട് തേച്ചനിലയിലായിരുന്നു. വിശദമായ പരിശോധനയിൽ മച്ചാഡോയുടെ കഴുത്തിൽ കയർ മുറുക്കിയ പാടും ശ്രദ്ധയിൽപെട്ടു. ഇതോടെ കഴുത്ത് ഞെരിച്ചാകാം കൊലപാതകികൾ മച്ചാഡോയെ കൊലപ്പെടുത്തിയത് എന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നു.

മച്ചാഡോയെ കാണാതായിട്ട് നിരവധി മാസങ്ങളായിരുന്നു. ഇതിനെ സംബന്ധിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. എന്നാൽ ഈ മാസങ്ങളിലെല്ലാം മച്ചാഡോയുടെതെന്ന പേരിൽ കുടുംബാംഗങ്ങൾക്ക് ഈ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. സന്ദേശങ്ങളിൽ വ്യാപകമായ അക്ഷരതെറ്റുകൾ കണ്ടുവന്നതിനാൽ ഇവ മച്ചാഡോയുടെതല്ല എന്ന് കുടുംബാംഗങ്ങളും പൊലീസും സ്ഥിരീകരിച്ചിരുന്നു. മൊബൈൽ കളഞ്ഞുപോയെന്നും വീഡിയോ കോൾ വരാൻ സാധിക്കില്ലെന്ന സന്ദേശവും സംശയമുളവാക്കി. തുടർന്ന് നടത്തിയ അന്വേഷണമാണ് മച്ചാഡോ കൊല്ലപ്പെട്ടതാണെന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്.

ബ്രസീലിയൻ ടിവി ഷോ ആയ റെയിസിലൂടെ ശ്രദ്ധേയനാണ് ജെഫേഴ്സൺ മച്ചാഡോ. 2021ൽ പുറത്തിറങ്ങിയ പ്ലേസ്ബോ എഫക്ട് എന്ന സിനിമയിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News