ബ്രിജ്‌ ഭൂഷന്റെ ലൈംഗീക പീഡനം: വിദേശ ഗുസ്‌തി ഫെഡറേഷനുകളോട്‌ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടു

ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്‌ ഭൂഷണെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗീകാരോപണ പരാതിയിൽ അഞ്ചു വിദേശ ഗുസ്‌തി ഫെഡറേഷനുകളോട്‌ സിസിടിവി ദൃശ്യമടക്കം ആവശ്യപ്പെട്ട്‌ ദില്ലി പൊലീസ്‌. ഇന്തോനേഷ്യ, ബൾഗേറിയ, കിർഗിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ ഡെഫറേഷനുകളോടാണ്‌ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്‌.

ടൂർണമെന്റുകളിലെ ദൃശ്യങ്ങൾക്ക്‌ പുറമേ താരങ്ങൾ താമസിച്ച ഹോട്ടലുകളിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ വിദേശ ടൂർണമെന്റുകൾക്കിടയിലും ബ്രിജ്‌ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ബ്രിജ്‌ഭൂഷണിന്റെ സാന്നിധ്യം ഇവിടങ്ങളിൽ തെളിഞ്ഞാൽ ബിജെപി എംപിക്ക്‌ കുരുക്കുമുറുകും.

അതേസമയം, സുപ്രീംകോടതി നിർദേശത്തിൽ കേസെടുത്ത്‌ ഒരാഴ്‌ച്ചക്കകമായിരുന്നു വിദേശ ഫെഡറേഷനുകൾക്ക്‌ നോട്ടീസ്‌ നൽകിയിരുന്നതെന്നാണ്‌ ദില്ലി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയത്. രണ്ട്‌ ഫെഡറേഷനുകൾ ദൃശ്യങ്ങൾ നൽകിയെന്നാണ്‌ സൂചന. അതേസമയം വ്യാഴാഴ്‌ച കുറ്റപത്രം സമർപ്പിക്കാനിരിക്കേ മറ്റ്‌ ഫെഡറേഷനുകൾ ദൃശ്യങ്ങൾ നൽകാത്തത്‌ കുറ്റപത്രം ദുർബലമാക്കുമെന്ന ആശങ്കയുണ്ട്‌. ദൃശ്യങ്ങൾ കിട്ടുന്ന മുറയ്‌ക്ക്‌ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനാണ്‌ പൊലീസ്‌ തീരുമാനം.

അതിനിടെ നാലു വനിത താരങ്ങൾ നൽകിയ തെളിവുകൾ പോരെന്ന നിലപാടിലാണ്‌ ഡൽഹി പൊലീസിന്റെ അന്വേഷണ സംഘം. താരങ്ങൾ നൽകിയ ഓഡിയോ,വിഡിയോ, ഡോക്യുമെന്റ്‌ തെളിവുകൾ ലൈംഗികാരോപണം സ്ഥാപിക്കാനോ അറസ്‌റ്റ്‌ നടത്താനോ ശക്തമല്ലന്നാണ്‌ പൊലീസ്‌ വൃത്തങ്ങൾ അവകാശപ്പെട്ടത്‌. ജൂൺ അഞ്ചിന്‌ താരങ്ങളോട്‌ തെളിവ്‌ നൽകാൻ ആവശ്യപ്പെട്ട പൊലീസാകട്ടെ ഇതിനായി അനുവദിച്ചത്‌ 24 മണിക്കൂർ മാത്രവുമായിരുന്നു. തങ്ങളെ പൊലീസ്‌ തകർക്കാൻ ശ്രമിക്കുന്നുവെന്ന്‌ സാക്ഷി മലിക്‌ അടക്കമുള്ളവർ ആരോപിക്കുന്നതിടെയാണ്‌ പൊലീസിന്റെ വിചിത്രനീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here