‘ചരിത്രപരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച മിടുക്കനായ വിദ്യാര്‍ഥി’; ഫിയറോ ജെയിനിന് ആശംസകളുമായി മന്ത്രി ആര്‍ ബിന്ദു

ശാരീരികപരിമിതികളെ തോല്‍പ്പിച്ച് അംഗീകാരങ്ങള്‍ നേടിയെടുത്ത തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥി ഫിയറോ ജെയിന് അഭിനന്ദനങ്ങളുമായി മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഫിയറോ. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായി ഫിയറോ ജെയിന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. ചരിത്രപരമായ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ച മിടുക്കനായ ഭിന്നശേഷി വിദ്യാര്‍ഥിയെന്ന വിശേഷണത്തോടെയാണ് മന്ത്രി ജെയിന്റെ നേട്ടങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ALSO READ:മലയാളം സർവകലാശാലയിൽ എംഎസ്എഫ്-കെഎഎസ്‍യു ഗുണ്ടായിസം; തോൽ‌വിയിൽ വെറിപൂണ്ട് വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശി

കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ഫിയറോയെ മന്ത്രിക്ക് കോളേജ് അധികൃതര്‍ പരിചയപ്പെടുത്തുന്നത്. ഫിയറോയുടെ താമസസൗകര്യമായിരുന്നു അന്നത്തെ പ്രശ്‌നം. ഇതിനെ തുടര്‍ന്ന് പ്രത്യേക പരിഗണന നല്‍കി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് വിട്ടുനല്‍കാന്‍ മന്ത്രി നടപടി സ്വീകരിച്ചിരുന്നു.

ALSO READ:ആംബുലൻസില്ല, നവജാത ശിശുവിന് ചികിത്സ നല്കാൻ ആന്ധ്രയിൽ 7 കിലോമീറ്റർ നടന്ന് അമ്മ, ഒടുവിൽ മരണം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഫിയറോ ജെയിൻ… ചരിത്രപരമായ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ച മിടുക്കനായ ഭിന്നശേഷി വിദ്യാർത്ഥിയെ എൻ്റെ വായനക്കാരും മറന്നിട്ടുണ്ടാവില്ലെന്നു കരുതുന്നു. ശാരീരികപരിമിതികളെയെല്ലാം തോൽപ്പിച്ച് ഇന്നവൻ ഒരിക്കൽ കൂടി ഉയർന്നൊരു അംഗീകാരം നേടിയിരിക്കുകയാണ്. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല സ്പോർട്സ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഫിയറോ. കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായ തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ഫിയറോ.

അർഹതയ്ക്കുള്ള അംഗീകാരമായ ഈ പദവിയിലേക്ക് ഫിയറോ ജെയിൻ തിരഞ്ഞെടുക്കപ്പെടുമ്പോൾ  അവനുവേണ്ടി കഴിഞ്ഞ ഫെബ്രുവരിയിൽ കൈക്കൊണ്ട തീരുമാനത്തെച്ചൊല്ലി കൂടി നമുക്ക് അഭിമാനിക്കാം.  ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഫിയറോ ജെയിനിന്റെ താമസക്കാര്യം കോളേജ് അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയതും അവനെക്കുറിച്ച് ആദ്യമറിയുന്നതും. പിന്നീട് വിഷയം പരിശോധിച്ച് വിദ്യാർത്ഥിയുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കേസ് എന്ന നിലയിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് വിദ്യാർത്ഥിയുടെ കുടുംബത്തിന് വിട്ടു നൽകാൻ നടപടി സ്വീകരിക്കുകയായിരുന്നു.

ശാരീരികമായ അവശതകളെയെല്ലാം മറികടന്ന് വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിച്ച് പഠനം തുടരാൻ ആഗ്രഹിച്ച ഫിയറോയ്ക്ക് തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിനകത്തെ ഒഴിഞ്ഞു കിടന്ന സ്റ്റാഫ്‌ ക്വാർട്ടേഴ്‌സുകളിൽ ഒന്നിൽ താമസസൗകര്യം ലഭ്യമാക്കി. അതിനായുള്ള ഉത്തരവ് അവന് നേരിട്ട് കൈമാറി. ആ ചേർത്തുപിടിക്കലിന്റെ കരുതലിൽ കൂടിയാണ് ഫിയറോ പുതിയ ഉയരങ്ങളിലേക്ക് വളരുന്നത്.
പഠനത്തിലും ഇക്കഴിഞ്ഞ മാസങ്ങളിലായി നടന്ന യൂണിവേഴ്സിറ്റി ചെസ്സ് മത്സരങ്ങളിലും തിളക്കമാർന്ന പ്രകടനം ഫിയറോ കാഴ്ചവച്ചത് അറിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി ചെസ്സ് ടീം അംഗമായ ഫിയറോ പഠനത്തിലും സ്പോർട്സിലും ഒരുപോലെ മികവ് പുലർത്തിപ്പോരുന്നതിൽ അനല്പമായ സന്തോഷം. ഇനിയുമുണ്ടാവും ഫിയറോയ്ക്ക് വളർച്ചകൾ, ഉറപ്പായും.

ശാരീരികവെല്ലുവിളികൾ ഒന്നിനും ഒരു തടസ്സമല്ലെന്ന് ഫിയറോ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരികയാണ്. പരിമിതികളിൽ തളരാതെ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും, തിളക്കമാർന്ന നേട്ടങ്ങളും റെക്കോർഡുകളും സ്വന്തം പേരിൽ ചാർത്താനും ഫിയറോ ജെയ്നിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒപ്പം, മികച്ച തീരുമാനമെടുത്ത സർവ്വകലാശാലയോട് എന്റെ സന്തോഷവും അനുമോദനവും അറിയിക്കട്ടെ.

(തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ ഫിയറോയ്ക്ക് പ്രത്യേക താമസമൊരുക്കിക്കൊണ്ടുള്ള നടപടിയുത്തരവ് അവന് നേരിട്ടു കൈമാറുമ്പോഴെടുത്ത ചിത്രങ്ങളാണിവ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News