പി എം പോഷൺ പദ്ധതി; പുതിയ വ്യവസ്ഥകൾ കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി

പി എം പോഷൺ പദ്ധതിയിലെ ഘടക വിരുദ്ധമായ പുതിയ വ്യവസ്ഥകൾ കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം സംബന്ധിച്ചുള്ള പി എം പോഷൺ പദ്ധതിയിലെ ചട്ടങ്ങളിൽ കേന്ദ്രവിഹിതം രണ്ട് ഗഡുക്കളായി അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നിരിക്കെ ഘടക വിരുദ്ധവും പ്രതിലോമകരവുമായ പുതിയ വ്യവസ്ഥകൾ കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കണമെന്നാണ് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ഇന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ALSO READ: ‘ട്രംപ് മത്സരിച്ചില്ലെങ്കില്‍, ഞാന്‍ മത്സരിക്കുമോയെന്നു എനിക്ക് ഉറപ്പില്ല’: ബൈഡന്‍

2022-23 മുതൽ പി എം പോഷൺ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഉച്ചഭക്ഷണ വിതരണത്തിനുള്ള കേന്ദ്ര സഹായം നൽകി വരുന്നത്. ഇത് പ്രകാരം ഒരു അധ്യയന വർഷം നൽകേണ്ടുന്ന കേന്ദ്ര വിഹിതം രണ്ട് തവണകളായി, അതായത് 60% ആദ്യ ഗഡുവായും 40% രണ്ടാം ഗഡുവായുമാണ് സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. ഇപ്രകാരം തന്നെയാണ് 2022-23 വർഷത്തിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകിയത്. എന്നാൽ അതിൽ പോലും ഗണ്യമായ കാലതാമസം ഉണ്ടായി എന്ന്മാത്രം, ആദ്യ 60% ലഭിച്ചത് ഒക്ടോബർ മാസത്തിലും അടുത്ത 40 ശതമാനം ലഭിച്ചത് അധ്യയന വർഷം അവസാനിക്കുന്ന മാർച്ച് മാസത്തിലും. എന്നാൽ ഈ വർഷം (2023-24) ആകട്ടെ സ്ഥിതി കൂടുതൽ വഷളാകുകയാണ് ചെയ്തത്.

ഈ വർഷം ആദ്യ ഗഡുവായി ലഭിക്കേണ്ട കേന്ദ്ര വിഹിതം അറുപത് ശതമാനമെന്നത് ഇരുപത്തിയഞ്ച് ശതമാനമായി വെട്ടിക്കുറച്ചിരിക്കുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് കേന്ദ്ര ധനമന്ത്രാലയം ഏകപക്ഷീയമായി വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള പദ്ധതികളിൽ തുകകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കൊണ്ടുവന്ന നിയന്ത്രണങ്ങളാണ്. ഇനി മുതൽ പരമാവധി 25% മാത്രമേ ഒരു ഗഡുവായി നൽകാവൂ എന്നാണ് കേന്ദ്രധന മന്ത്രാലയത്തിന്റെ കടുംപിടുത്തം. ഇത് പ്രകാരം 2023-24 ൽ 60 ശതമാനം ആദ്യ ഗഡുവായി കേന്ദ്ര വിഹിതം ലഭിക്കേണ്ട സ്ഥാനത്ത് ആദ്യ ഗഡുവായി 25 ശതമാനവും രണ്ടാമത്തെ ഗഡുവായി 25 ശതമാനവും ചേർത്ത് ആകെ 50 ശതമാനം മാത്രമാണ് നാളിതുവരെ ലഭിച്ചിട്ടുള്ളത്, അത് തന്നെ വളരെയധികം കാലതാമസത്തിന് ശേഷവും.

ആദ്യ ഗഡു ലഭിച്ചത് 22.09.2023-ലും രണ്ടാമത്തേത് 17.11.2023-ലും. ഇക്കണക്കിനാണെങ്കിൽ അടുത്ത 50 ശതമാനം കേന്ദ്രവിഹിതം 25 ശതമാനം എന്ന നിരക്കിൽ രണ്ടു തവണയായി എന്നത്തേക്ക് തന്നു തീർക്കുമെന്നത് കണ്ടറിയണം. 2023-24 ൽ പി എം പോഷൺ പദ്ധതിക്ക് കീഴിൽ കേന്ദ്രം നൽകേണ്ടത് ഏതാണ്ട് 284.3067 കോടിയും കേരളം നൽകേണ്ടത് 163.1547 കോടി രൂപയും ആണ്. എന്നാൽ ഇത് ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഉള്ള കണക്കുകൾ മാത്രമാണ്. ഇതിനുപുറമെ നിരവധി തവണ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ശമ്പള വർദ്ധന ഉൾപ്പെടെയുള്ളവ കേരളം സ്വന്തം നിലയ്ക്ക് ചെയ്തിട്ടുണ്ട് എന്നത് മനസ്സിലാക്കുമ്പോൾ മാത്രമേ ഈ കണക്കിലെ കള്ളക്കളികൾ വ്യക്തമാകൂ. ഉദാഹരണമായി ഉച്ചഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികൾക്ക് കേന്ദ്രം ഈ പദ്ധതിക്ക് കീഴിൽ ഓണറേറിയമായി നിശ്ചയിച്ചിട്ടുള്ളത് ഒരു മാസത്തേക്ക് വെറും 1000 രൂപയാണ്. അതിൽ തന്നെ കേന്ദ്രവിഹിതം എന്ന് പറയുന്നത് 600 രൂപ മാത്രവും. എന്നാൽ കേരളത്തിലാവട്ടെ ഓരോ തൊഴിലാളിക്കും ഒരു ദിവസം നൽകുന്നത് തന്നെ 600 മുതൽ 675 രൂപ വരെയാണ്. അതായത് ഒരു മാസത്തിൽ 24 അധ്യയന ദിവസം ഉണ്ടെന്ന് കണക്കാക്കുകയാണെങ്കിൽ കുറഞ്ഞത് 14,400 മുതൽ 16,200 രൂപ വരെ കേരളത്തിൽ ഓണറേറിയമായി ലഭിക്കും. ഇപ്രകാരം ഉണ്ടാകുന്ന ഭീമമായ ബാധ്യത പി എം പോഷൺ പദ്ധതി പ്രകാരം കേരളം വഹിക്കേണ്ടുന്ന വിഹിതത്തിനു പുറമെയുള്ളതാണ്. ഇപ്രകാരമുള്ള അധിക ഉത്തരവാദിത്തങ്ങൾക്കു വേണ്ടി ഈ വർഷം കേരളം “സ്റ്റേറ്റ് അഡീഷണൽ അസിസ്റ്റൻസ്” എന്ന ശീർഷകത്തിൽ വകയിരുത്തിയിരിക്കുന്നത് 194.64 കോടി രൂപയാണ്.

കേരളത്തിന്റെ പദ്ധതി വിഹിതമായ 163.1547 കോടി രൂപയ്ക്ക് പുറമെയാണിത്. അതായത് കേന്ദ്രം ഈ പദ്ധതിക്ക് കീഴിൽ നൽകുന്ന വിഹിതത്തെക്കാൾ വളരെ കൂടുതലാണ് കേരളം ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി ചിലവഴിക്കുന്നത് എന്നർത്ഥം. കഴിഞ്ഞില്ല, 2023-24 സാമ്പത്തിക വർഷത്തിൽ മേൽപറഞ്ഞ പോലെ 25 ശതമാനം നിരക്കിൽ രണ്ട് ഗഡുക്കളായി കേന്ദ്ര വിഹിതം ലഭിച്ചത് 22.09.2023-ലും 17.11.2023-ലും മാത്രമാണ്. ആയതിനാൽ ഈ അധ്യയനവർഷത്തിന്റെ ആരംഭം മുതലുള്ള ഉച്ചഭക്ഷണ പദ്ധതിക്ക് തടസ്സം നേരിടാതിരിക്കാൻ കേരളം “സ്പെഷ്യൽ അഡ്വാൻസ് അലോക്കേഷൻ” എന്ന ശീർഷകത്തിൽ 81.5774 കോടി രൂപ മുൻകൂറായി വകയിരുത്തേണ്ടി വന്നു എന്നുള്ളതുകൂടി ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. കേരളത്തിൻറെ കടമെടുപ്പ് പരിധിയിൽ വരെ കേന്ദ്രം ഏകപക്ഷീയമായും അന്യായമായും നിയന്ത്രണങ്ങൾ കൊണ്ടുവന്ന് കേരളത്തെ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഉച്ചഭക്ഷണ പദ്ധതി പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾക്ക് ഒരു മുടക്കവും വരാതിരിക്കാൻ കേരളം പ്രത്യേക ശുഷ്കാന്തി കാണിച്ചത് എന്നുള്ളതാണ് ഇതിൽ എടുത്ത് കാണേണ്ടത്.

ALSO READ:ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം

ആകയാൽ പി എം പോഷൺ പദ്ധതിയുടെ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം കേന്ദ്ര വിഹിതം 60%, 40% എന്നീ നിരക്കുകളിൽ രണ്ട് ഗഡുക്കളായി വിതരണം ചെയ്യുന്ന രീതി പുനസ്ഥാപിക്കണമെന്നും ഇത് സംബന്ധിച്ച് ധനമന്ത്രാലയം ഏകപക്ഷീയമായി കൊണ്ടുവന്നിരിക്കുന്ന 25% എന്ന നിയന്ത്രണം പിൻവലിക്കണമെന്നും കൂടാതെ കേന്ദ്ര വിഹിതം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു. കൂടാതെ ഉച്ചഭക്ഷണ തൊഴിലാളികളുടെ ഓണറേറിയത്തിൽ കേരളം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ സ്വന്തം നിലയ്ക്ക് നിരവധി തവണ വർദ്ധനവ് വരുത്തിയിട്ടുള്ളത് കണക്കിലെടുത്ത് കേന്ദ്രവും കേന്ദ്രത്തിന്റെ വിഹിതമായി നിലവിൽ കണക്കാക്കിയിരിക്കുന്ന 600 രൂപ എന്ന പ്രതിമാസ നിരക്ക് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News