യാത്രക്കാരെയും, ജീവനക്കാരെയും ഞെട്ടിച്ചു കൊണ്ട് ബംഗളുരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ അരുംകൊല. തുമക്കുരു മധുഗിരി സ്വദേശിയായ രാമകൃഷ്ണ(48) യാണ് കൊല്ലപ്പെട്ടത്. തുമക്കുരു മധുഗിരി സ്വദേശി തന്നെയായ രമേശാണ് നഗരത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന് സമീപത്തായിട്ടായിരുന്നു സംഭവം അരങ്ങേറിയത്. വിമാനത്താവളത്തിലെ ട്രോളി ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട രാമകൃഷ്ണ. പ്രതി രമേശിന്റെ ഭാര്യയുമായി രാമകൃഷണയ്ക്കു അടുപ്പമുണ്ടായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബാഗില്‍ കത്തിയുമായാണ് പ്രതി രമേശ് വിമാനത്താവളത്തിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. ബസിൽ ആയിരുന്നു ഇയാൾ വിമാനത്താവളത്തിലേക്ക് എത്തിയത്. ശേഷം രാമകൃഷ്ണ വിമാനത്താവളത്തിന് പുറത്തേക്ക് വരാനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് രാമകൃഷ്ണ, ടെര്‍മിനലില്‍ നിന്ന് പുറത്തേക്ക് വന്നയുടന്‍ കത്തിയുമായെത്തിയ പ്രതി ഇയാളെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പകച്ചുപോയി. നിമിഷങ്ങൾക്കുള്ളിൽ തന്നെ പൊലീസ് പ്രതി രമേശിനെ അറസ്ററ് ചെയ്തു.
രാമകൃഷ്ണയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് 2022-ല്‍ രമേഷും ഭാര്യയും വേര്‍പിരിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് രമേഷ്, രാമകൃഷ്ണയെ കൊല്ലാനായി പലതവണ ശ്രമം നടത്തിയിരുന്നു . ഇതിനൊടുവിലാണ് കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ വെച്ച് പ്രതി ആക്രമണം നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here