ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നതാണെന്ന് ബിനോയ് വിശ്വം എം പി. ബജറ്റ് പൊള്ളയാണെന്നും കോർപറേറ്റുകൾക്ക് വേണ്ടിയുള്ള ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘വെൽത്ത് ടാക്‌സ് കൊണ്ടുവരണമെന്ന ആവശ്യം ഇടത്പക്ഷം ഏറെ നാളായി ആവശ്യപ്പെടുന്നു. എന്നാൽ കേന്ദ്രം കേട്ട ഭാവം കാണിക്കുന്നില്ല. സാധാരണക്കാർക്ക് നികുതി ഭാരം കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. സാധാരണക്കാർക്കും ഇടത്തരക്കാർക്കും നേരെ കണ്ണും കാതും വായും പൊത്തിയ കുരങ്ങന്മാരെ പോലെ മോദി സർക്കാർ.
ഫിഷറീസ് മന്ത്രാലയം വേണമെന്ന ഏറെ കാലമായുള്ള കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി നീക്കിയിരുപ്പ് കുറയുന്നു. കഴിഞ്ഞ വർഷത്തെ നീക്കിയിരുപ്പ് പോലും വിവിധ മേഖലയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ നിരവധി പോരായ്മകൾ നിലനിൽക്കുന്നു.
40000 ബോഗികൾ വന്ദേ ഭാരത് നിലവാരത്തിൽ ഉയർത്തുമ്പോൾ യാത്രക്കാർക്ക് പഴയ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കില്ല. വന്ദേ ഭാരതിന് വേണ്ടി മറ്റെല്ലാ വണ്ടികളും സമയം താമസിപ്പിക്കുന്നു. വന്ദേ ഭാരതിന്റെതല്ല റെയിൽവേ , റെയിൽവേയുടേതാണ് വന്ദേ ഭാരത് എന്ന ബോധ്യം വേണം.സാധാരണക്കാരെ ഈ ബജറ്റ് പ്രതികൂലമായി ബാധിക്കും. സംസ്ഥാന വിഹിതത്തെ പറ്റി ധാരണകൾ നൽകിയില്ല. പ്രതിപക്ഷം ഭരിക്കുന്ന എല്ലായിടത്തും കേന്ദ്ര ഏജൻസികൾ സജീവമാണ്. ഏജൻസികളെ സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകം ആയി മാറ്റുന്നു.
ബിഹാറിലേത് ബിജെപിയുടെ നെറികെട്ട രാഷ്ട്രീയം. ഇന്ത്യ രാജ്യം കെട്ടിപ്പടുത്തപ്പെട്ടത് നിതീഷ് കുമാറിനെ ഉപയോഗിച്ചല്ല. ജെഡിയു വളരെ വൈകാതെ വില കൊടുക്കേണ്ടി വരും. ബിജെപിക്ക് വേണ്ടി കൈപൊക്കില്ല എന്നുറപ്പുള്ളത് ഇടത്പക്ഷ സാമാജികർ മാത്രമായിരിക്കും’ – ബിനോയ് വിശ്വം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here