ബഫര്‍ സോണ്‍; സുപ്രീംകോടതിയുടേത് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട സമീപനം: ജോസ് കെ മാണി

ബഫര്‍ സോണിലെ സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയ സുപ്രീംകോടതി നടപടി യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ജുഡീഷ്യല്‍ സമീപനമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും പശ്ചിമഘട്ട താഴ് വരകളിലെ ജനവാസ മേഖലകളുടെ യഥാര്‍ത്ഥ വിശദാംശങ്ങളും ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ കേരള കോണ്‍ഗ്രസ് എം നേരിട്ട് ഹാജരായി സമര്‍പ്പിച്ചിരുന്നവെന്നും ജോസ് കെ മാണി പറഞ്ഞു.

ബഫര്‍സോണ്‍ സംബന്ധിച്ച എല്ലാ കോടതി നടപടികളും എംപവേര്‍ഡ് കമ്മറ്റി മുഖേനയായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.വിശദമായ പഠനത്തോടെ വസ്തുതാപരമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെരാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമര്‍പ്പിച്ചത് കേരള കോണ്‍ഗ്രസ് എം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വനവിസ്തൃതിയില്‍ വലിയ വര്‍ദ്ധനവാണ് കേരളത്തിലുണ്ടായത്. രാജ്യത്ത് 33% വനാവരണമുണ്ടാകണമെന്ന ലക്ഷ്യം കൈവരിക്കാന്‍ ദേശീയതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ 54% വനാവരണമുണ്ട്.വനവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ കേരളം കടുത്ത ജാഗ്രതയാണ് പാലിച്ചത്.ഭവന നിര്‍മ്മാണത്തിനും ഇതര നിര്‍മ്മിതികള്‍ക്കും ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി , ധാരാളം ഭൂ വിനിയോഗ നിയന്ത്രണങ്ങള്‍ നിലവിലുള്ള കേരളത്തില്‍ ,ഭൂലഭ്യത വളരെ കുറവാണെന്ന വസ്തുത എം പവേര്‍ഡ് കമ്മറ്റിയെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചു . ബഫര്‍ സോണ്‍ നിയന്ത്രണങ്ങള്‍ മൂലം കുടിയൊഴിപ്പിക്കലുണ്ടായാല്‍ വനാതിര്‍ത്തി പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭൂലഭ്യതയുടെ പരിമിതികളും പ്രയോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരും ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കൊപ്പം നിലപാട് സ്വീകരിച്ചു. വിശദമായ പഠന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതി മുമ്പാകെ എത്തിച്ചത് .ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സമ്പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ നീക്കിയ സുപ്രീംകോടതി വിധിയിലൂടെ മലയോര കര്‍ഷകര്‍ക്ക് പുതുജീവനാണ് കൈവന്നിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News