ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
അധികാര ദുര്‍വിനിയോഗം അനുവദിക്കാന്‍ ആകില്ലെന്നും ഭരണഘടനാപരമായ ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാന്‍ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതരുടെ കേസ് മുന്‍കൂട്ടി വിലയിരുത്താന്‍ കഴിയില്ല. കുറ്റാരോപിതന് പോലും ചില അവകാശങ്ങളും സംരക്ഷണങ്ങളും ഉണ്ട്. നിയമപരമായ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: ബുള്‍ഡോസര്‍ രാജ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്
നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകള്‍ പൊളിക്കുന്നത് അന്യായമാണ്. കുറ്റാരോപിതനായ ഒരാളുടെ വീട് സര്‍ക്കാരിന് പൊളിക്കാന്‍ കഴിയുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. വീട് നഷ്ടപ്പെടാതിരിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു വ്യക്തി കുറ്റാരോപിതനായതിന്റെ പേരില്‍ വീട് പൊളിക്കുന്ന നടപടി ഭരണഘടനവിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
സര്‍ക്കാരിന് ആരാണ് കുറ്റക്കാരന്‍ എന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. അത്തരം പ്രവൃത്തികള്‍ അധികാര പരിധി ലംഘിക്കുന്നതായിരിക്കും. ഒരു കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്കെതിരെയും ഇത്തരം നടപടികള്‍ പാടില്ല. അത്തരം നിയമം കയ്യിലെടുത്താല്‍ സര്‍ക്കാര്‍ കുറ്റകാരാകുമെന്നും സുപ്രീം കോടതി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് സുപ്രീംകോടതി ഉത്തരവ്. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗ്ഗീയ ആക്രമണമായിട്ടായിരുന്നു ബിജെപി ബുള്‍ഡോസര്‍ രാജ് പ്രയോഗിച്ചിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം സിപിഐഎം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ തീര്‍ത്തിരുന്നു. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ പ്രതിഷേധവും ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here