ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 20 മുതല്‍ 2000 രൂപയുടെ കെട്ടുകള്‍ വരെ, പരാതിക്കാരനോട് വീട്ടുജോലി ചെയ്യണമെന്നും ആവശ്യപ്പെട്ടു

ശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ  അറസ്റ്റിലായ തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടർ ഷെറി ഐസക്കിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് നോട്ടുകെട്ടുകളുടെ ശേഖരം. കിടക്ക തുറന്നു പരിശോധിച്ച വിജിലൻസ് സംഘം കണ്ടത് 20 രൂപയുടേതു മുതൽ 2000 രൂപയുടേതു വരെയുള്ള കെട്ടുകൾ. 2000 രൂപയുടെ മാത്രം 40 നോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ കെട്ടുകളാണ് ഏറെയും.

കിടക്കയ്ക്കു താഴെയും അലമാരയിലെ റാക്കുകളുടെ ഉള്ളിലും കെട്ടുകൾ കണ്ടെത്തി. പണം പൊതിഞ്ഞു കൊടുക്കാൻ ആളുകൾ ഉപയോഗിച്ച കവറുകളും ഏറെയുണ്ടായിരുന്നു. പൊട്ടിക്കാത്ത കവറുകളിലുള്ള നോട്ടുകളുമേറെ. 50, 100, 200 രൂപാ നോട്ടുകൾ കെട്ടുകളാക്കി തിരിച്ച് ഇവ റബർ ബാൻഡിട്ടു സൂക്ഷിച്ചിരുന്നു.

റബർ ബാൻഡും കുറെയധികം നോട്ടുകളും ദ്രവിച്ച നിലയിലായിരുന്നു. പണം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ വിജിലൻസ് സംഘത്തിന് ഏറെ സമയം വേണ്ടിവന്നപ്പോൾ സഹായവുമായി പഞ്ചായത്ത് പ്രസിഡന്‍റ്  ഉൾപ്പെടെ നാട്ടുകാരുമെത്തി.

ALSO READ: കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

കൈക്കൂലിക്ക് പുറമെ  രോഗിയുടെ ഭർത്താവ് വീട്ടിലെ ജോലികള്‍ ചെയ്യണമെന്നും ഡോക്ടറുടെ ആവശ്യം. തന്‍റെ വീട്ടിലെ ‘അല്ലറ ചില്ലറ’ ജോലികൾ കൂടി ചെയ്തുതരാൻ ഡോക്ടറുടെ ആവശ്യപ്പെട്ടെന്ന് രോഗിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എ സി മെക്കാനിക്കും പുല്ലുവെട്ടു തൊഴിലാളിയുമാണ് യുവതിയുടെ ഭർത്താവ്. ഇക്കാര്യം ചോദിച്ചു മനസ്സിലാക്കിയ ശേഷമാണ് വീട്ടിലെ എ സിക്കു തകരാർ ഉണ്ടെന്നും സൗജന്യമായി നന്നാക്കി നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടത്. വീടിന്‍റെ മുറ്റത്തെ പുല്ലുവെട്ടാൻ വരണമെന്നും ഡോക്ടർ ആവശ്യപ്പെട്ടെന്നും മറ്റു വ‍ഴികളില്ലാത്തതിനാല്‍ സമ്മതിക്കേണ്ടി വന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.

ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാൾ നടത്തിച്ചിരുന്നു. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.

ALSO READ: ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത് , പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും പ്രൊഫ.ടിജെ ജോസഫ്

കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിയ പരാതിക്കാരൻ ഡോ ഷെറി ഐസകിന് കൈക്കൂലി നൽകിയപ്പോൾ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രമാണ് ഇയാള്‍ ചികിത്സ നല്‍കിയിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

അതേസമയം 15 ലക്ഷം രൂപ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ ഇ ഡി യുടെ അന്വേഷണം ഡോക്ടര്‍ക്കെതിരെ ഉണ്ടാകും. പണം പിടിച്ചെടുത്ത വിവരം വിജിലൻസ് ഇ ഡി യെ അറിയിച്ചിരുന്നു. ഇ ഡിക്ക് പുറമേ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും ഷെറി ഐസക്കിന്‍റെ സ്വത്തുക്കളിന്മേല്‍ അന്വേഷണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News