യാത്രക്കിടെ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിട്ട് അധികം നിർത്തി എന്ന പരാതിയിൽ ബസ് ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ഡ്രൈവറെയും സഹ ഡ്രൈവറെയുമാണ് സസ്‌പെൻഡ് ചെയ്തത്. ദില്ലിയിലേക്കുള്ള ‘ജൻരത്’ എസി ബസാണ് യാത്രക്കാർക്കായി കുറച്ച് നേരം നിർത്തിയത്. രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ സബ് നിർത്തിയത് ചില യാത്രക്കാർ ചോദ്യം ചെയ്യുകയും വീഡിയോ എടുത്ത് ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തു.
പരാതിയെ തുടർന്ന് ഡ്രൈവർ കെപി സിങ്, സഹ ഡ്രൈവർ മോഹിത് യാദവ് എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. അതേസമയം, ബസിൽ 14 യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുപേർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയെന്നും അതിനിടക്ക് രണ്ട് യാത്രക്കാർ നമസ്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അഞ്ച് മിനിറ്റ് അധികം നിർത്തിയെന്നും ഡ്രൈവർ പറഞ്ഞു. താൻ ചെയ്തത് തെറ്റായി തോന്നുന്നില്ലെന്ന് ഡ്രൈവർ കൂട്ടിച്ചേർത്തു.
യാത്രക്കാരിൽ നിന്ന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിയെന്നും തിരക്കേറിയ ഹൈവേയിൽ ബസ് നിർത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഡ്രൈവറെയും സഹ ഡ്രൈവറെയും സസ്പെൻഡ് ചെയ്തതെന്ന് യുപിഎസ്ആർടിസി റീജിയണൽ മാനേജർ പറഞ്ഞു. എന്നാൽ പ്രാർത്ഥന നടത്താൻ സമയം നൽകിയതിന് ഇത്തരമൊരു നടപടി സ്വീകരിച്ചതിൽ ആശ്ചര്യപ്പെടുന്നെന്നാണ് അതേ ബസ്സിലെ ചില യാത്രക്കാർ പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here