പണമില്ല: ഓഫീസുകള്‍ ഒ‍ഴിഞ്ഞു, ജീവനക്കാരെ പിരിച്ചുവിടുന്നു, പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രന്‍

വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ ‘ബൈജൂസ്’  വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.  2022 ഒക്ടോബറിൽ 2,200 കോടി ഡോളർ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പുമായിരുന്നു ബൈജൂസ്. എന്നാലിപ്പോള്‍ അതല്ല സ്ഥിതി.
കമ്പനിക്ക് ഉയർന്ന മൂല്യം ലഭിക്കുന്നതിനായി വരുമാനം പെരുപ്പിച്ചുകാണിച്ചതാണ് തിരിച്ചടിയായത്.

ഓഹരി മൂലധനം സമാഹരിക്കാൻ കഴിയാതെയായതോടെ, വിദേശങ്ങളിൽനിന്ന് വായ്പയെടുത്തു എന്നാൽ, പ്രതിസന്ധി കനത്തതോടെ തിരിച്ചടവ് മുടങ്ങി. കമ്പനിയെ തിരികെപ്പിടിക്കുന്നതിന് ദുബായിൽനിന്ന് 100 കോടി ഡോളർ (8,200 കോടി രൂപ) സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രൻ നേരിട്ടു ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അവിടെ നിന്ന് പൊട്ടിക്കരയേണ്ടി വന്നു.

ALSO READ: ചെലവ് കുറഞ്ഞ വിമാനം ;ഗോ ഫസ്റ്റ് നാളെ മുതൽ പറന്നേക്കും

കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വൻകിട കെട്ടിട സമുച്ചയങ്ങളിൽനിന്ന് ഓഫീസ് സ്പേസ് ഒഴിഞ്ഞു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് നടപടി. 5.58 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള കല്യാണി ടെക് പാർക്കിലെ ഓഫീസ് സ്പേസാണ് ഒഴിഞ്ഞിരിക്കുന്നത്. അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് മറ്റ്‌ ഓഫീസുകളിലേക്ക് മാറുകയോ വീട്ടിലിരുന്ന് ജോലി ചെയ്യുകയോ ചെയ്യാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബെംഗളൂരുവിൽ തന്നെ പ്രസ്റ്റീജ് ടെക് പാർക്കിലെ രണ്ടുനിലകളും ഒഴിഞ്ഞു. ഒൻപതുനിലകളിലായിരുന്നു അവിടെ പ്രവർത്തിച്ചിരുന്നത്. ഒരു മാസത്തിനുള്ളിൽ മറ്റൊരു കെട്ടിടം കൂടി ഒഴിയുമെന്നാണ് സൂചന. ഇതുവഴി വാടകച്ചെലവ് വൻതോതിൽ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നതും ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ്. കഴിഞ്ഞ മാസം മാത്രം 1,000 ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.

കണ്ണൂർ അഴീക്കോട്ട് അധ്യാപക ദമ്പതിമാരുടെ മകനായി 1980-ൽ ജനിച്ച ബൈജു രവീന്ദ്രൻ ബി.ടെക് ബിരുദധാരിയാണ്. പിന്നീട് ഐ ഐ എമ്മില്‍ ജോയില്‍ ചെയ്യാന്‍ ക്യാറ്റ് പരീക്ഷ എ‍ഴുതുകയും ഉയര്‍ന്ന റാങ്കില്‍ വിജയിക്കുകയും ചെയ്തു. എന്നാൽ, അവിടെ പ്രവേശിക്കാതെ സുഹൃത്തുക്കള്‍ക്ക് ക്യാറ്റിന് ക്ലാസ് എടുത്തു നല്‍കി വിജയിപ്പിച്ചു.   അവിടെ നിന്നാണ് അദ്ദേഹത്തിന്‍റെ തുടക്കം. 2011-ലാണ് ‘ബൈജൂസ്’ എന്ന സംരംഭം ആരംഭിക്കുന്നത്.  ദിവ്യ ഗോകുൽനാഥാണ് സഹസ്ഥാപക.

2020-ൽ കൊവിഡിന്‍റെ തുടക്കത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യമേറിയതോടെയാണ് ബൈജൂസിന്‍റെ മൂല്യം കുതിച്ചുയർന്നത്. ഇതോടെ, കമ്പനിയിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകിയെത്തി. ഇതിന്‍റെ പിൻബലത്തിൽ കമ്പനി വൻതോതിൽ ഏറ്റെടുക്കലുകളും നടത്തി. ഇതാണ് ആദ്യം തിരിച്ചടിയായത്. കൊവിഡ് അടച്ചുപൂട്ടലുകൾ കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം കുറയുകയും ബൈജൂസിന്‍റെ വരുമാനം ഇടിയുകയും ചെയ്തു.

ALSO READ:  ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാം;അവസാന തീയതി ജൂലായ് 31

ഇതിനിടെ, ഉയർന്ന മൂല്യത്തിൽ മൂലധനം സ്വരൂപിക്കുന്നതിനായി വരുമാനം പെരുപ്പിച്ചുകാട്ടിയത് തിരിച്ചടിയായി. വിദേശ പണമിടപാടുകളുടെ പേരിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡുകൾ കൂടിയായതോടെ പ്രതിസന്ധി ഇരട്ടിയായി. ഇതോടെ, കമ്പനിയിലെ ഓഹരിയുടമകളുടെ പ്രതിനിധികൾ ഡയറക്ടർ സ്ഥാനത്തുനിന്ന് രാജിവെച്ചു. ഇതെല്ലാം കമ്പനിയുടെ ഇന്നത്തെ സ്ഥിതിക്ക് കാരണമായി. ഇപ്പോള്‍ ചെലവുകള്‍ ചുരുക്കി കമ്പനിയെ നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബൈജു രവീന്ദ്രന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News