മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. ഝാർഖണ്ഡിൽ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദം അലങ്കരിക്കും. സോറൻ സർക്കാർ ഝാർഖണ്ഡിൽ നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിൽ ചേർന്ന ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് കത്ത് നൽകിയതായി ഹേമന്ത് സോറൻ അറിയിച്ചു. ഝാർഖണ്ഡിൽ 16 സീറ്റ് നേടിയ കോൺഗ്രസും നാല് സീറ്റ് നേടിയ ആർജെഡിയും കൂടുതൽ മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, മഹാരാഷ്ട്രയിൽ ബിജെപിയുടെ ദേവേന്ദ്ര ഫട്നാവസ് മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയിൽ വൻ വിജയം നേടിയ മഹായുതി സഖ്യത്തിന് മുന്നിലെ വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. 134 സീറ്റ് നേടിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനം സഖ്യകക്ഷികൾക്ക് നൽകേണ്ടെന്ന നിലപാടിലാണ്.
ALSO READ: യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു
ദേവേന്ദ്ര ഫഡ്നാവസിനെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനം. അതേസമയം ഏകനാഥ് ഷിൻഡെയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ട്. ഷിൻഡെയുടെ ലഡ്ക്കി ബഹൻ പദ്ധതി അടക്കം മഹായുതി സഖ്യത്തിൻ്റെ തുടർ ഭരണത്തിന് കാരണമായി എന്നാണ് ശിവസേനയുടെ വിലയിരുത്തൽ. മുംബൈയിൽ ശിവസേന എംഎൽഎമാരുടെ യോഗം ചേർന്നു. അതിനിടെ അജിത്ത് പവാറിൻ്റെ വസതിയിൽ എൻസിപി എംഎൽഎമാരും യോഗം ചേർന്നിരുന്നു.
അജിത് പവാറിനെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി അവർ തെരഞ്ഞെടുത്തു. മഹായുതിസഖ്യ നേതാക്കൾ ഒരുമിച്ചിരുന്ന് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നാണ് മുന്നണികളുടെ പ്രതികരണം. അതേസമയം, മഹാരാഷ്ട്രയിൽ 50 സീറ്റ് പോലും തികച്ച് നേടാത്ത സാഹചര്യത്തിൽ പ്രതിപക്ഷ സ്ഥാനം പോലും ഇല്ലാത്ത അവസ്ഥയിലാണ് മഹാവികാസ് അഘാഡി സഖ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here