തൊഴിൽ തട്ടിപ്പിനിരയായി കബോഡിയയിൽ കുടുങ്ങിയ മലയാളി യുവാക്കൾ വീടുകളിലെത്തി. കുറ്റ്യാടി എംഎൽഎ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ എസ് പിക്ക് തട്ടിപ്പിനിരയായവർ പരാതി നൽകും.
പുർച്ചെ മൂന്നരയോടെയാണ് വീട്ടുകാർക്കും നാട്ടുകാർക്കും ആശ്വാസമായി യുവാക്കൾ നാട്ടിൽ എത്തിയത്. വടകര മണിയൂർ സ്വദേശികളായ അഭിനവ് സുരേഷ് , അരുൺ , അഭിനന്ദ്, അശ്വന്ത് , എടപ്പാൾ സ്വദേശി അജ്മൽ , മംഗലൂരു സ്വദേശി റോഷൻ ആൻ്റണി എന്നിവരാണ് വീടുകളിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി യുവാക്കൾ കൊച്ചിയിൽ എത്തിയിരുന്നു. നാട്ടിലെത്താൻ കഴിഞ്ഞ തിൻ്റെ ആശ്വാസത്തിലാണ് ഇവർ. അനുഭവിച്ച ദുരിതങ്ങൾ ഇവർ കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയോട് വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും കബോഡിയയിലെ ഇന്ത്യൻ എംബസിയും ഫലപ്രദമായി ഇടപെട്ടതിനാലാണ് യുവാക്കളെ നാട്ടിൽ എത്തിക്കാനായതെന്ന് എംഎൽ എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. അതേസമയം കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകുമെന്ന് യുവാക്കൾ അറിയിച്ചു. നിലവിൽ പേരാമ്പ്ര പോലീസ് കേസെടുത്തിട്ടുണ്ട്. നെടുമ്പാശേരി പോലീസിലും യുവാക്കൾ പരാതി നൽകി. എം എൽ എ യോടൊപ്പം മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, സിപിഐ എം വടകര ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, ജില്ലാ പഞ്ചായത്തംഗം കെ വി റീന തുടങ്ങിയവരും യുവാക്കൾ വരുന്നതറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here