വളര്‍ത്താനുള്ള ചെലവ് കൂടുന്നു, ഒട്ടകത്തെ ഉപേക്ഷിക്കുന്നു, സംരക്ഷണകേന്ദ്രം ഒരുക്കണമെന്ന് ആവശ്യം

ഒട്ടകങ്ങളുടെ സംരക്ഷണത്തിനായി ഒട്ടക സങ്കേതം  ഒരുക്കണമെന്ന് ആവശ്യം. ഒട്ടകങ്ങളുടെ എണ്ണം കുറയുന്നത് അടക്കം, ഒട്ടകത്തെ വളര്‍ത്തുന്നവര്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജയ്‌സാല്‍മീര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലോഖിത് പശുപാലന്‍ സന്‍സ്ഥാന്‍ എന്ന സംഘടനയുടെ പേരിലാണ് ഒട്ടകത്തെ വളര്‍ത്തുന്നവര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.

ജയ്‌സാല്‍മീറില്‍ ഭരണകൂടം മുന്‍കൈ എടുത്ത് വലിയൊരു ഒട്ടക സങ്കേതം ഉണ്ടാക്കണമെന്നും അതിനെ മേച്ചില്‍പ്പുറ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒട്ടകങ്ങള്‍ക്ക് മറ്റ് തടസ്സങ്ങളില്ലാതെ മേയാനും ഒട്ടകപ്പാല്‍ വിപണനത്തിനും ഇത്തരമൊരു സങ്കേതം സഹായകമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജയ്‌സാല്‍മീര്‍ ജില്ലയിലെ ഒട്ടക വളര്‍ത്തലുകാരായ നിരവധി പേര്‍ അവരുടെ പ്രശ്‌നങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടറുമായി ചര്‍ച്ച ചെയ്യുകയും അതിന് ശേഷം കളക്ടറെ കണ്ട് നിവേദനം സമര്‍പ്പിക്കുകയുമായിരുന്നെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒട്ടകത്തെ വളര്‍ത്തുന്നതിന് ചെലവ് വര്‍ദ്ധിക്കുകയാണെന്നും അതിനാല്‍ വലിയൊരു വിഭാഗം ആളുകള്‍ ഒട്ടകത്തെ വളര്‍ത്തുന്നതില്‍ നിന്നും പിന്മാറുകയാണെന്നുമാണ് ഇവര്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ഒട്ടകക്കടത്തും ഇവരുടെ പിന്മാറ്റത്തിന് കാരണമാണ്. ഭക്ഷണം തേടി പ്രധാനറോഡുകളിലേക്ക് എത്തുന്ന ഒട്ടകങ്ങള്‍ അപകടത്തില്‍ ചത്തൊടുങ്ങുന്നതായും ഇവര്‍ക്ക് പരാതിയുണ്ട്.

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് ഒട്ടക സങ്കേതം എന്ന ആവശ്യം ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഒട്ടകങ്ങള്‍ക്ക് കൂട്ടമായി മേയാന്‍ കഴിയുന്ന വലിയൊരു ഒട്ടകസങ്കേതമാണ് ഇതിന്റെ പരിഹാരം. ഇത്തരമൊരു സങ്കേതം ഉണ്ടാക്കുന്നത് ടൂറിസത്തിനും സഹായകമാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒട്ടകക്കടത്ത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News