‘വിവാദഫൈനൽ’ ഓർമകളുടെ കനലടങ്ങാതെ കിവീസ് ഇറങ്ങുന്നു; ഇത്തവണ പകരം വീട്ടുമോ?

ക്രിക്കറ്റിൻ്റെ പറുദീസയായ ലോർഡ്സ് സ്റ്റേഡിയത്തിൽ ഒരു ഹോണോഴ്‌സ് ബോർഡുണ്ട്. ലോർഡ്സിൽ വെച്ച് ഒരു പ്ലേയർ നേടുന്ന മികച്ച വ്യക്തിഗത പെർഫോമൻസുകൾ ആ ഹോണോഴ്‌സ് ബോർഡിൽ കുറിച്ചുവെക്കും. പക്ഷേ ലോർഡ്സിൽ വെച്ചുനടന്ന മികച്ച മാച്ചുകൾ അങ്ങനെ കുറിച്ചുവെക്കപ്പെടാറില്ല. പക്ഷേ ചില ചരിത്രങ്ങൾക്ക് അങ്ങനെ കുറിച്ചുവെക്കപ്പെടെണ്ട യാതൊരു ആവശ്യവുമില്ല. അവ പലരീതിയിൽ കൈമാറപ്പെട്ട് കൊണ്ടേയിരിക്കും. അത്തരത്തിലൊന്നായിരുന്നു ലോർഡ്സിൽ നടന്ന 2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ.

ALSO READ: എഫ്ഐആര്‍ പകര്‍പ്പിനായി കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കയാസ്ത

ക്രിക്കറ്റിൻ്റെ ഉപജ്ഞാതാക്കളായിട്ടും ഒരു ലോകകപ്പ് പോലും നേടാനാകാത്ത വേദനയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് കഴിഞ്ഞുകൂടിയത് ദശാബ്ദങ്ങളാണ് . പലപ്പോഴുമായി മികച്ച ടീമുണ്ടായിട്ടും കപ്പിനും ചുണ്ടിനുമിടയിൽ പ്രധാനപ്പെട്ട കിരീടങ്ങൾ കൈവിടേണ്ടിവരുന്നത് കിവീസിന് പതിവും. അവരാണ് ലോർഡ്സിലെ ഫൈനലിൽ, ആദ്യത്തെ കിരീടം ലക്ഷ്യമിട്ട് ഏറ്റുമുട്ടുന്നത്. ഒരു ലോകകപ്പ് പോലും പേരിലില്ലാത്ത ടീമുകളാണ്. അതുകൊണ്ടുതന്നെ വാശി കനക്കുമെന്നുറപ്പായിരുന്നു. അതിനെ ശരിവെക്കുന്നതയിരുന്നു രണ്ട് ഇന്നിങ്സുകൾക്ക് ശേഷവും ഫലം ഇല്ലാതെവന്ന, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽത്തന്നെ ഫൈനലിൽ ആദ്യമായി സൂപ്പർ ഓവർ കളിക്കേണ്ടിവന്ന ആ മാച്ച്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്തത് ന്യൂസിലാൻഡാണ്. 29 റൺസ് എടുക്കുമ്പോളേക്കും ഗപ്ടിലിനെ നഷ്ടപ്പെട്ട കിവീസിനെ വില്യംസനും നിക്കോൾസും കൂടിയാണ് 100 കടത്തിച്ചത്. പിന്നീട് ഇടവിട്ട് ഇടവിട്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ന്യൂസിലാൻഡ് 50 ഓവർ അവസാനിക്കുമ്പോൾ എടുത്തത് 241 റൺസ്. ഒരു ഫൈനലിനെ സംബന്ധിച്ചിടത്തോളം താരതമ്യേന കുറഞ്ഞ റൺ റേറ്റും സ്കോറും.

ALSO READ: നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്

ജയ്സൺ റോയും ജോണി ബെയർസ്റ്റോയും ഓയിൻ മോർഗനും ബെൻ സ്ടോക്സും അടക്കമുള്ള വെടിക്കെട്ട് ബാറ്റിംഗ് നിരക്ക് പുഷ്പം പോലെ എടുക്കാവുന്നതായിരുന്നു ഈ 241 റൺസ്. എന്നാൽ കിവീസിന്റെ ബോളിങ്ങിന് മുമ്പിൽ പരുങ്ങിയ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർ മികച്ച റൺറേറ്റ്
കണ്ടെത്താനാകാതെ കുഴങ്ങി. കാണികൾ നഖം കടിച്ചിരുന്ന അവസാന ഓവറുകളിൽ ബെൻ സ്റ്റോക്സ് ഉണ്ടായിരുന്നില്ലെങ്കിൽ ഇംഗ്ലണ്ട് എപ്പോഴേ തകർന്നേനെ. ജയിക്കാൻ 5 ബോളിൽ 9 റൺസ് വേണ്ടിയിരുന്നപ്പോൾ ഫീൽഡർ എറിഞ്ഞ പന്ത് സ്റ്റോക്ക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പായുകയും ഇംഗ്ലണ്ടിന് 6 റൺസ് ഒറ്റയടിക്ക് അനുവദിക്കപ്പെടുകയും ചെയ്തു. എന്നാൽ ഒരു ബോളിൽ വെറും രണ്ട് റൺ മാത്രം വേണ്ടിയിരിക്കെ മാർക്ക് വുഡിന്റെ റൺഔട്ട് മാച്ചിനെ ടൈയിലെത്തിച്ചു.

ALSO READ: ത്രസിപ്പിക്കുന്ന ‘യുവി ഷോ’; അന്നൊരു ഒന്നൊന്നര യുവരാജ് ഉണ്ടായിരുന്നു നമുക്ക്…

മത്സരം ടൈയിൽ എത്തിയതോടെ വിജയിയെ നിശ്ചയിക്കാൻ സൂപ്പർ ഓവർ. ആദ്യം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് നേടിയത് 15 റൺസ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കിവീസ് 5 പന്തിൽ 14 റൺസിൽ നിൽക്കുകയാണ്. അവസാന പന്തൽ ജയിക്കാൻ വേണ്ടത് രണ്ട് റൺസ്. രണ്ടാം റണ്ണിനായി ഓടിയ ഗപ്റ്റിലാകട്ടെ റൺ ഔട്ടും. ഇതോടെ സൂപ്പർ ഓവറും ടൈ !

സൂപ്പർ ഓവരും ടൈ ആയതോടെ ആരാകും വിജയി എന്ന കൺഫ്യൂഷനിലായിരുന്നു ക്രിക്കറ്റ് ലോകം മുഴുവൻ. അവിടെനിന്നാണ് പിന്നീട് വിവാദങ്ങൾ തുടങ്ങിയത്. സൂപ്പർ ഓവറും സമനിലയിലായതോടെ ബൗണ്ടറിക്കണക്കാണ് ഐസിസി കണക്കിലെടുത്തത്. മാച്ചിലുടനീളം ഇംഗ്ലണ്ട് നേടിയത് 26 ബൗണ്ടറികളും ന്യൂസിലൻഡ് നേടിയത് 17 ബൗണ്ടറികളും. ഇതോടെ കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായി.

ALSO READ: ഏഷ്യന്‍ ഗെയിംസ്; ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായി ഇന്ത്യ

ഇരുടീമുകളുടെയും സ്വപ്ന ലോകകപ്പ് ഫൈനൽ കലാശിച്ചത് വിവാദങ്ങളിലാണ് എന്നതാണ് സത്യം. ഫീൾഡറുടെ ത്രോ ബാറ്റിൽ തട്ടി ഫോർ പോയതിന് 6 റൺസ് അനുവദിച്ച നടപടിയും ബൗണ്ടറിക്കണക്കും എല്ലാം പിന്നീട് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചു. പിന്നീട് ഈ ബൗണ്ടറിക്കണക്കുകൾ എടുത്തു കളയേണ്ടതും, സൂപ്പർ ഓവറുകൾ പരിഷ്കരിക്കേണ്ട അവസ്ഥയിലേക്കും വരെയെത്തി കാര്യങ്ങൾ. അങ്ങനെ വിവാദങ്ങളുടെ പെരുമഴ പെയ്ത ഫൈനലിലാണ് ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായത്.

എത്രത്തോളം വിവാദങ്ങൾ ഉയർന്നുവന്നെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മാച്ചായാണ് 2019 ലോകകപ്പ് ഫൈനൽ അറിയപ്പെടുന്നത്. മാച്ചിന് ശേഷം കമന്റേറ്റർമാരും നിരൂപകരും ഈ ചരിത്ര ഫൈനലിനെ വാഴ്ത്തിപ്പാടി. ഒരു നിമിഷം പോലും കണ്ണെടുക്കാൻ സാധിക്കാത്ത മത്സരമെന്ന് ക്രിക്കറ്റർമാർ അഭിപ്രായപ്പെട്ടു. ഇതൊക്കെയാണ് ഫൈനലെന്ന് ആവേശക്കൊടുമുടിയിൽ ആരാധകരും.

ALSO READ: ആന്‍ഡ്രോയ്ഡ് 14 എത്തുന്നു, നിരവധി പുതിയ ഫീച്ചറുകള്‍

2023ലെ ലോക ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുകയാണ്. 2019ൽ അവസാനിപ്പിച്ചയിടത്തുനിന്നാണ് 2023 തുടങ്ങുന്നത് തന്നെ. ആദ്യ കളിയിൽ തന്നെ പോരടിക്കുന്നത് ഇംഗ്ലണ്ടും ന്യൂസിലൻഡും. കിവീസിൻ്റെ മനസ്സിൽനിന്ന് ഒരിക്കലും 2019ലെ ആ കനലുകൾ അണയാനിടയില്ല. അപരിഷ്കൃതമായ നിയമങ്ങൾ മൂലം അവസാന നിമിഷം ലോകകപ്പ് നഷ്ടപ്പെട്ട വേദന ന്യൂസിലാൻഡ് പടയുടെ മനസ്സിൽ എന്നും തങ്ങിനിൽക്കും. പക അത് വീട്ടാനുള്ളതാണ് എന്ന വാചകം തന്നെയായിരിക്കും ഇംഗ്ലീഷ് പടയെ നേരിടുമ്പോൾ ഇംഗ്ലണ്ടിൻ്റെ മനസ്സിൽ. കാത്തിരുന്നുകാണാം ബാക്കി എന്താകുമെന്ന് !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News