തെരുവില്‍ അടിപിടി; എതിരാളിയെ ആക്രമിക്കാന്‍ പെരുമ്പാമ്പിനെയെടുത്ത് വീശി യുവാവ്; വീഡിയോ

തെരുവില്‍ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് സംഭവം നടന്നത്. വഴക്കിനിടെ എതിരാളിയെ തോല്‍പ്പിക്കാനായി യുവാവ് വളര്‍ത്ത് പെരുമ്പാമ്പിനെയെടുത്ത് വീശുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ദുന്‍ഡാസ് എന്ന തെരുവിലെ റോഡില്‍ വച്ചാണ് യുവാക്കള്‍ തമ്മില്‍ വഴക്കിട്ടത്. വഴക്ക് കയ്യാങ്കളിയിലേക്കെത്തിയതോടെ റോഡിനു നടുവിലേക്ക് ഇറങ്ങി. ഇതിനിടെയാണ് ലൊറേനിയോ എന്ന യുവാവ് തന്റെ വളര്‍ത്ത് പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിക്കാന്‍ തുടങ്ങിയത്. എതിരാളിയുടെ ശരീരത്തില്‍ തലങ്ങും വിലങ്ങും ഇയാള്‍ പാമ്പിനെ ഉപയോഗിച്ച് പ്രഹരിക്കുകയായിരുന്നു.

അടിപിടി കണ്ട് ധാരാളമാളുകള്‍ ചുറ്റും കൂടിയെങ്കിലും ആരും ഇടപെടാന്‍ തയ്യാറായില്ല. കണ്ടു നിന്നവരില്‍ ഒരാള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തിയതോടെ ലൊറേനിയോ പാമ്പിനു മേലുള്ള പിടിവിട്ടു. നിലത്തു വീണ പാമ്പ് സെക്കന്‍ഡുകള്‍കൊണ്ട് രക്ഷപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇരുവരോടും തറയില്‍ കമഴ്ന്ന് കിടക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലൊറേനിയോയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ലൊറേനിയോയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ലൊറേനിയോയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News