യാത്രയ്ക്ക് ഒരു മാസം മുമ്പേ വിമാനം റദ്ദാക്കിയിട്ടും ആ വിവരം യാത്രക്കാരെ അറിയിക്കാത്ത വിമാന കമ്പനി പിഴയൊടുക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത തര്‍ക്ക പരിഹാര കോടതി. യാത്ര വഴിമുട്ടിയ യാത്രക്കാര്‍ പകരം ടിക്കറ്റിനായി ചിലവിട്ട തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാനാണ് സ്‌പൈസ് ജെറ്റ് കമ്പനിയോടും, മെയ്ക്ക് മൈ ട്രിപ്പ് ബുക്കിങ് ഏജന്‍സിയോടും നിര്‍ദേശിച്ചത്. എറണാകുളം കാരിക്കാമുറി സ്വദേശി അഭയകുമാര്‍ പി.കെ, ഭാര്യ സനിത അഭയ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ കര്‍ശന ഇടപെടല്‍.
2019 ജൂണ്‍ മൂന്നിന് ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേക്ക് വിമാന യാത്രയ്ക്കായി വളരെ നേരത്തെ തന്നെ ടിക്കറ്റെടുത്തു. മെയ്ക്ക് മൈ ട്രിപ്പ് വഴി 3199 രൂപയ്ക്കാണ് സ്‌പൈസ് ജെറ്റ് എയര്‍ലൈനില്‍ സീറ്റ് ബുക്ക് ചെയ്തത്. യാത്രക്കായി ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് വിമാനം ഒരു മാസം മുമ്പേ റദ്ദാക്കിയെന്ന വിവരം അറിഞ്ഞത്. ഇക്കാര്യം എതിര്‍കക്ഷികളില്‍ ആരും പരാതിക്കാരെ അറിയിച്ചതുമില്ല. യാത്രയെ സംബന്ധിച്ച് നിരവധി ഇ-മെയിലുകള്‍ എതിര്‍കക്ഷികളില്‍ നിന്നും ലഭിച്ചുവെങ്കിലും വിമാനം റദ്ദാക്കിയ വിവരം മാത്രം അറിയിച്ചില്ല.
ALSO READ:വയനാടിനെ ചേർത്തുപിടിച്ച്: ഓണക്കോടി പദ്ധതിയുമായി പാലക്കാട്ടെ അഭിഭാഷകർ
അതേദിവസം മറ്റൊരു വിമാനം കൊച്ചിയിലേക്ക് ഉണ്ടായിരുന്നില്ല. രാത്രി ബാംഗ്ലൂരില്‍ തന്നെ താമസിക്കേണ്ടിവന്നു. അടുത്ത ദിവസം അതിരാവിലെ 9,086 രൂപ ചെലവഴിച്ച് മറ്റൊരു വിമാനത്തില്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടിവന്നു. ഇങ്ങനെ ആകെ 16,126 രൂപ പരാതികാര്‍ക്ക് ചെലവായി. എതിര്‍കക്ഷികളുടെ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും കണക്കിലെടുത്ത് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാര്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വിമാനം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ അംഗീകരിച്ചതിനു ശേഷമാണ് പരാതിക്കാര്‍ ടിക്കറ്റ് എടുത്തതെന്നും അതിനാല്‍ നഷ്ടപരിഹാരത്തിന് അവകാശം ഇല്ലെന്നും എതിര്‍കക്ഷികള്‍ ബോധിപ്പിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് വിമാനം റദ്ദാക്കിയതെന്നും അത് വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും അവര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഏജന്‍സി വഴി ടിക്കറ്റെടുത്ത സ്ഥിതിക്ക് അവരോടാണ് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത് എന്നും വിമാന കമ്പനി കോടതിയില്‍ ബോധിപ്പിച്ചു.
ALSO READ:ശ്രീകാര്യം മേല്‍പ്പാലം പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
എന്നാല്‍ ചട്ടപ്രകാരം രണ്ട് ആഴ്ചകള്‍ക്ക് മുമ്പെങ്കിലും വിമാനം റദ്ദാക്കല്‍ വിവരം യാത്രക്കാരെ അറിയിക്കണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. അതിനാല്‍ തന്നെ എതിര്‍കക്ഷികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും അതുമൂലം പരാതിക്കാര്‍ക്ക് വലിയ മന:ക്ലേശവും ധനനഷ്ടവും ഉണ്ടായെന്നും ഡി.ബി.ബിനു പ്രസിഡന്റും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ടിക്കറ്റിനായി നല്‍കിയ 3,199 രൂപ ഒന്നാം എതിര്‍കക്ഷിയായ മെയ്ക്ക് മൈ ട്രിപ്പ് പരാതിക്കാര്‍ക്ക് നല്‍കണം. രണ്ടാമത് ടിക്കറ്റ് എടുത്തത് മൂലമുണ്ടായ അധിക ചെലവും ബംളൂരുവിലെ താമസത്തിനുള്ള ചെലവും നഷ്ടപരിഹാരവും കോടതി ചെലവും രണ്ട് എതിര്‍കക്ഷികളും ചേര്‍ന്ന് ഒരുമാസത്തിനകം പരാതിക്കാര്‍ക്ക് നല്‍കണം. യഥാക്രമം 16,126 രൂപയും 40,000 രൂപയും 25,000 രൂപയുമാണ് ഈയിനങ്ങളിലായി നല്‍കേണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here