അഞ്ചാം വയസ്സില്‍ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താനാവാതെ കാന്‍സര്‍ രോഗിയായ അമ്മ മരണത്തിന് കീഴടങ്ങി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് സംഭവം. ലി ഷൂമി എന്ന 41 -കാരിയാണ് തന്റെ മകനെ വീണ്ടും കാണാനുള്ള ആഗ്രഹം സാധിക്കാതെ ശ്വാസകോശാര്‍ബുദം ബാധിച്ച് മരിച്ചത്.
2015 -ല്‍ നാട്ടിലെ ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടയിലാണ് അഞ്ചാം വയസ്സില്‍ കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഇത്രയും നാളും അന്വേഷണം നടത്തിയിട്ടും അവര്‍ക്ക് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീടിനടുത്തുള്ള ഒരു മൈതാനത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.
Also Read : മഹാരാഷ്ട്രയില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
9 വര്‍ഷക്കാലത്തെ തിരച്ചിലിനിടയില്‍ മകന്റെ ചിത്രമുള്ള ലക്ഷക്കണക്കിന് പോസ്റ്ററുകള്‍ ഇവര്‍ ആളുകള്‍ക്ക് കൈമാറിയിരുന്നു. 2022 -ല്‍ ശ്വാസകോശാര്‍ബുദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീയും ഭര്‍ത്താവ് ലിയു ഡോങ്പിങ്ങും എത്രയും വേഗത്തില്‍ തന്റെ മകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
മരിക്കുന്നതിന് ഒരു മാസം മുമ്പ്, ലി തന്റെ മകന്‍ ലിയു ജിയാസുവിനെ തിരയുന്നതിനായി സജ്ജീകരിച്ച ഡൗയിന്‍ അക്കൗണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോയില്‍ തനിക്ക് അര്‍ബുദം മൂര്‍ച്ഛിച്ചതായും അസ്ഥികളിലേക്ക് പടര്‍ന്നതായും അവര്‍ പങ്കുവെച്ചിരുന്നു.
വീഡിയോയോടൊപ്പം ചേര്‍ത്തിരുന്ന കുറിപ്പില്‍, ‘ജിയാസു, അമ്മ ഇനി കാണില്ല. എന്നോട് ക്ഷമിക്കൂ’ എന്നും അവര്‍ എഴുതിയിരുന്നു. കുട്ടിയെ കാണാതാകുന്ന സമയം വീട്ടില്‍ ലീ ഉണ്ടായിരുന്നില്ല. മറ്റൊരു നഗരത്തിലെ തന്റെ ജോലി സ്ഥലത്തായിരുന്നു അവര്‍.
ജോലിക്കിടയില്‍ മകന്‍ ഭക്ഷണം കഴിച്ചോ എന്നറിയാന്‍ ഭര്‍ത്താവിനെ വിളിച്ചപ്പോഴാണ് കുഞ്ഞിനെ കാണാനില്ല എന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മകനെ കണ്ടെത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി അവര്‍ ഡിഎന്‍എ ഡാറ്റയും പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here