കര്‍ണ്ണാടക അങ്കം ക്ലൈമാക്‌സിലേക്ക്.. പരസ്യ പ്രചാരണം അവസാനിച്ചു

കര്‍ണ്ണാടകയില്‍ ഒരു മാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമാകുന്നു. വിവാദങ്ങളും രാഷ്ട്രീയ ആരോപണ – പ്രത്യാരോപണങ്ങളെല്ലാം നിറഞ്ഞു നിന്ന പ്രചാരണത്തിനു ശേഷം ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. സ്ഥാനാര്‍ത്ഥികള്‍ ചെറിയ കവലകളില്‍ നിന്ന് കവലകളിലേക്കെത്തി അവസാനമായി ഒരിക്കല്‍ കൂടി വോട്ടഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 29 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് തന്നെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഒരു പടി മുന്നിലെത്തി. ജെഡിഎസും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കരുത്തറിയിച്ചു.

ബി ജെ പി സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം പരമാവധി മുതലെടുത്ത് അഴിമതിയും വിലക്കയറ്റവും വര്‍ഗ്ഗീയതയുമെല്ലാം സജീവ ചര്‍ച്ചാ വിഷയമാക്കിയാണ് കോണ്‍ഗ്രസ് പടിപടിയായി മുന്നേറിയത്. ഇതിനെ മറികടക്കാന്‍ മുസ്ലീം സംവരണം ഒഴിവാക്കലും, ഹിജാബ് നിരോധനവുമടക്കമുള്ള അതി വൈകാരിക വിഷയങ്ങള്‍ ചര്‍ച്ചയാക്കി. ബജ്രംഗദള്‍ നിരോധന വിഷയത്തില്‍ ഹനുമാനെ ഉയര്‍ത്തിക്കാട്ടിയും കേരളത്തിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമുള്ള കേരള സ്റ്റോറി സിനിമയും പ്രചാരണ രംഗത്തെ തിരിച്ചടി മറികടക്കാന്‍ ഉപയോഗിച്ചു. ഏറ്റവുമൊടുവില്‍ ബി ജെ പി യുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കി കോണ്‍ഗ്രസ് മേല്‍ക്കൈ നേടി.

വീരശൈവ ലിംഗായത്ത് വിഭാഗം കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത് അവസാന നിമിഷം ബി ജെ പിക്കേറ്റ വലിയ തിരിച്ചടിയായി. പ്രധാനമന്ത്രിയെ നരേന്ദ്ര മോദി, അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവരെ നിര്‍ത്തിയായിരുന്നു ബി ജെ പി പ്രചാരണം. പ്രതികൂല സാഹചര്യം മറികടക്കാന്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് മോദി റോഡ് ഷോയിലുള്‍പ്പെടെ പങ്കെടുത്തു. കോണ്‍ഗ്രസിനായി സോണിയാഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം പ്രചാരണം നയിച്ചു. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിനായി അവസാന മണിക്കൂറുകളിലും കളത്തിലിറങ്ങി ആവേശം നിറച്ചു. സ്വാധീന മേഖലകളില്‍ പരമാവധി സീറ്റുറപ്പിച്ച് നിര്‍ണായക ശക്തിയാവാന്‍ ജനദാതളും പ്രചാരണ രംഗത്ത് നിറഞ്ഞു.

നിരവധി മണ്ഡലങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കര്‍ശനമായ സുരക്ഷയില്‍ 58,282 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News