കായികരംഗത്തെ വിവേചനത്തിനെതിരെ യൂറോപ്യൻ കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയാണ് ദക്ഷിണാഫ്രിക്കൻ അത്‌ലറ്റ് കാസ്റ്റർ സെമന്യ. ശരീരത്തിൽ ടെസ്റ്റോസ്റ്റെറോൺ കൂടുതലാണെന്ന് പറഞ്ഞ് അത്ലറ്റിക്സിൽ നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്നും ലിംഗ പരിശോധനകൾക്ക് അധികകാലം ആയുസ്സില്ലെന്നും വ്യക്തമാക്കുകയാണ് കോടതി.
2019ലെ പുതിയ അത്ലറ്റിക് നിയമമാണ് സെമന്യ അടക്കമുള്ള താരങ്ങളെ അന്താരാഷ്ട്ര വേദികളിൽ നിന്ന് ഒതുക്കുന്നതിലേക്ക് നയിച്ചത്. ടെസ്റ്റോസ്റ്റെറോൺ ഹോർമോണിന്റെ അളവ് സ്വാഭാവികമായി ഉയർന്ന നിലയിലുള്ള വനിതാ അത്‌ലറ്റുകൾ മരുന്നുകൾ ഉപയോഗിച്ച് അത് കുറയ്ക്കണം എന്നാണ് ലോക അത്‌ലറ്റിക്സ് നിയമം. അല്ലാത്തപക്ഷം അത്തരം താരങ്ങൾക്ക് അത്ലറ്റിക് വേദികളിൽ നിരോധനം ഏർപ്പെടുത്തും.
800 മീറ്ററിലെ ലോകം കണ്ട ഏറ്റവും മികച്ച ഓട്ടക്കാരിയാണ് സെമന്യ. 2009 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ സെമന്യ പിന്നീട് 2016 റിയോ ഒളിമ്പിക്സിലും 2017 ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടി. റഷ്യൻ ഓട്ടക്കാരി മരിയ സവിനോവ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെ 2012 ലണ്ടൻ ഒളിമ്പിക്സ് സ്വർണവും 2011 അത്ലറ്റിക് ചാമ്പ്യൻഷിപ് സ്വർണവും സെമന്യയെ തേടിയെത്തി. 800 മീറ്ററിന് പുറമേ 1500 മീറ്ററിലും ഫുട്ബോളിലും മികച്ച കരിയറുണ്ട് സെമന്യയ്ക്ക്. 200 മീറ്റർ ദൂരത്തിലെ നമീബിയക്കാരായ വേഗറാണികൾ ക്രിസ്റ്റീൻ മബോമയും ബിയാട്രിസ് മാസിലംഗിയും ഇതേ വിഷയത്തിൽ നിരോധനം നേരിടേണ്ട സാഹചര്യത്തിലായിരുന്നു. ഇതേ മാതൃകയിലുള്ള പോരാട്ടവഴികളിലൂടെ നടന്ന് ജയിച്ച ദ്യുതി ചന്ദും ജയിക്കാനുള്ള പ്രോത്സാഹനം നിഷേധിക്കപ്പെട്ട ശാന്തി സൗന്ദരരാജനും ഇന്ത്യൻ ഉദ്ദാഹരണങ്ങൾ.
അത്ലറ്റിക്സിൽ പുരുഷനെയും സ്ത്രീയെയും വേർതിരിക്കാൻ ആദ്യം ശാരീരിക പരിശോധന നടത്തിയിരുന്ന അധികൃതർ പിന്നീട് ക്രോമസോം ടെസ്റ്റിങ്ങും ടെസ്റ്റോസ്റ്റിറോൺ ടെസ്റ്റിങ്ങും ഒക്കെ പല കാലങ്ങളിൽ പരീക്ഷിച്ചു. അവിടെയൊക്കെ സ്ത്രീകളായി അതുവരെ ജീവിച്ച മനുഷ്യർ പലതവണ മാറ്റിനിർത്തപ്പെട്ടു. ഡിഫറൻസ് ഇൻ സെക്ഷ്വൽ ഡെവലപ്മെൻറ് എന്നോ ഇൻ്റർസെക്സ് എന്നോ ശാസ്ത്രം ഉപസർഗം നൽകിയ മനുഷ്യർ. ഒരു പരിധിയിൽ കൂടുതൽ ടെസ്റ്റോസ്റ്റെറോൺ ഹോർമോൺ ഉണ്ടെങ്കിൽ അത് കുറയ്ക്കാൻ ചികിത്സ തേടണമെന്ന പുതിയ നിയമത്തിനെതിരായ അപ്പീലാണ് സെമന്യ ജയിച്ച് കയറുന്നത്. മനുഷ്യന് വേഗവും ശാരീരിക ശക്തിയും നൽകാൻ സഹായിക്കുന്ന ഘടകങ്ങൾ ടെസ്റ്റോസ്റ്റെറോൺ മാത്രമല്ലെന്ന ശാസ്ത്രബോധ്യത്തെ ഉറപ്പിച്ച് നിർത്തുകയാണ് കോടതി. മൈക്കൽ ഫെൽപ്സും ഉസൈൻ ബോൾട്ടും നീളമുള്ള കൈകാലുകളിലൂടെ ആനുകൂല്യം നേടുന്നത് പോസിറ്റീവായി വീക്ഷിക്കുന്ന ലോകം സെമന്യയെ മാത്രം നെഗറ്റീവ് ആയി കാണുന്നത് എന്ത് കൊണ്ടാണ് എന്നും.
ഓരോ മനുഷ്യനെയും ഏതൊക്കെ കള്ളികളിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന പരിശോധനയ്ക്ക് അധികകാലം ആയുസ്സില്ലെന്ന് വ്യക്തമാവുകയാണ്.
സെമന്യയ്ക്ക് ഇനിയും സ്ത്രീയായി മത്സരിക്കാൻ കഴിയുമെന്ന യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ വിധി സ്പോർട്സിൽ മാത്രമല്ല, എല്ലാ വേദികളിലും അനുയോജ്യമായ മാറ്റങ്ങൾക്ക് പുരോഗമന വഴിതെളിക്കും. പ്രകൃത്യാ ഉള്ളതും വ്യക്തിപരമായ ഇംഗിതങ്ങൾക്ക് ചേർന്നതുമായ നിയമ നിർമാണത്തിലേക്ക് വഴി തെളിക്കും.
ALSO READ: ചാന്ദ്രയാൻ 3: വ്യാഴാഴ്ച കൗണ്ട്ഡൗണ്‍, വിക്ഷേപണം വെള്ളിയാഴ്ച
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here