‘ക്രൈസ്തവനെന്ന് പറയാൻ ധൈര്യമില്ല, പ്രധാനമന്ത്രി നിശബ്ദൻ’; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇരിഞ്ഞാലക്കുട അതിരൂപതാ മുഖപത്രം

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാസഭയുടെ ഇരിഞ്ഞാലക്കുട അതിരൂപതാ മുഖപത്രം. ഉത്തരേന്ത്യയിൽ ക്രൈസ്തവനെന്ന് പറയാൻ ധൈര്യമില്ലാതായെന്നും പ്രധാനമന്ത്രി ആക്രമണങ്ങളിൽ നിശബ്ദത പാലിക്കുകയാണെന്നും സഭ കുറ്റപ്പെടുത്തി.

ഇരിങ്ങാലക്കുട അതിരൂപത മുഖമാസികയായ കേരളസഭയിലാണ് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷവിമശനം ഉന്നയിക്കപ്പെട്ടത്. ‘കേരളത്തിലെ രാഷ്ട്രീയ നിലപാട്‌ ക്രൈസ്‌തവർ തീരുമാനിക്കും’ മുഖപ്രസംഗത്തിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌ എന്നിവിടങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക പങ്കുവെച്ചത്. രണ്ടുവർഷത്തിനിടെ ഇന്ത്യയിൽ ക്രൈസ്തവ ആക്രമണങ്ങളിൽ അറുന്നൂറിലേറെ കേസുകൾ രേഖപ്പെടുത്തി. ഇതിൽ മിക്കയിടത്തും പ്രതികൾ ബിജെപി, ആർഎസ്എസ് അനുഭാവികളും സംഘടനാപ്രവർത്തകരുമാണ്. ഇതേപ്പറ്റി 93 പ്രമുഖ വ്യക്തികൾ ഒപ്പിട്ട കത്ത്‌ പ്രധാനമന്ത്രിക്ക്‌ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

ബിജെപി നേതാക്കൾ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ സന്ദർശിക്കുന്നതിനെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. അരമനകൾ എത്ര കയറിയിറങ്ങിയാലും പള്ളികളിൽ എത്ര നേർച്ചയിട്ടാലും മലയാറ്റൂർ മല ചവിട്ടിയാലും വീടുകൾ സന്ദർശിച്ചാലും വിശ്വാസികളുടെ മനസ്സിലെ മുറിവുകൾ ഉണക്കാൻ സാധിക്കില്ല. നരേന്ദ്ര മോദി സർക്കാർ ക്രൈസ്തവപീഡനം ദിനചര്യ പോലെ ഏറ്റെടുക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News