പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ദില്ലിയിൽ നിന്നുള്ള എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ കീഴിൽ സിബിഐ സംഘം വയനാട്ടിലെത്തി. ജില്ലാ പോലീസ് മേധാവിയും കൽപ്പറ്റ ഡി വൈ എസ് പിയുമായും കൂടിക്കാഴ്ച നടത്തിയ സംഘം വൈത്തിരിയിലുമെത്തി.
കേസ് അന്വേഷിക്കുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സി ബി ഐ സംഘം കൂടികാഴ്ച്ച നടത്തി. കേസ് രേഖകൾ ഓഫീസിലെത്തി പരിശോധിച്ചു. എസ് പി, ഡി വൈ എസ് പി, എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ 26ന് സംസ്ഥാനം സി ബി ഐ ക്ക് കൈമാറിയിരുന്നു. 9നാണ് കേസ് സി ബി ഐക്ക് വിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. സി ബി ഐ അന്വേഷണം വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം സിദ്ധാർത്ഥിന്റെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് കേന്ദ്രം ഉടൻ വിജ്ഞാപനമിറക്കാൻ കോടതി നിർദ്ദേശിച്ചു. ഇന്നലെ വൈകിയാണ് കേന്ദ്ര തീരുമാനമുണ്ടായത്. ആത്മഹത്യാ പ്രേരണയോ, കൊലപാതകമോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് കേസ് സി ബി ഐക്ക് വിട്ടത്. നിലവിൽ കേസിൽ എല്ലാ പ്രതികളും ജയിലിലാണ്. വീട്ടുകാരുടെയും സഹപാഠികളുടേയും മൊഴി അടുത്ത ദിവസങ്ങളിൽ സി ബി ഐ രേഖപ്പെടുത്തും. എഫ് ഐ ആർ റീ രജിസ്റ്റർ ചെയ്ത് ദൃക്സാക്ഷികളുടെയും മൊഴിയെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here