2025 ജനുവരിമുതല്‍ ട്രക്കുകളില്‍ എസി കാബിനുകള്‍ നിര്‍ബന്ധമാക്കും. ഇതിൻ്റെ കരട് വിജ്ഞാപനത്തിന് അംഗീകാരം നല്‍കിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ദീര്‍ഘദൂരയാത്രകളില്‍ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും ഗഡ്കരി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തിരുമാനം. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്
ട്രക്കുകളില്‍ എ സി കാബിനുകള്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞമാസം മന്ത്രി പറഞ്ഞിരുന്നു. പുതിയ വ്യവസ്ഥ വരുന്നതോടെ എ സി കാബിനോടെ വേണം വാഹനനിര്‍മാതാക്കള്‍ ട്രക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനെന്നാണ് വിവരം. നിലവില്‍ ലോറിയുടെ ബോഡി നിര്‍മാതാക്കളാണ് കാബിനുകളും നിര്‍മിക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ട്രക്ക് യാത്രയ്ക്ക് പിന്നാലെയാണെന്ന അവകാശവാദവുമായി കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. ഈയിടെ രാഹുല്‍ഗാന്ധി ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം യാത്ര നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയും ട്രക്കില്‍ സഞ്ചരിച്ച രാഹുല്‍ ഇന്ത്യയിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പാക്കേണ്ടതുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here