ജി 20 സമ്മേളനം: ഊരാളുങ്കലിനും കോവളം ക്രാഫ്റ്റ് വില്ലേജിനും കേന്ദ്രസർക്കാരിൻ്റെ അനുമോദനം

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനും കേന്ദ്ര സർക്കാറിൻ്റെ അഭിനന്ദനം. റെക്കോഡ് സമയത്തിൽ വേദി ഒരുക്കിയതിനാണ്അനുമോദനം. കേരളത്തിൽ നടന്ന ജി 20 ഷേർപ്പാസമ്മേളനത്തിനായി കെറ്റിഡിസിയുടെ കുമരകം വാട്ടർസ്കേപ്സിൽ റെക്കോഡ് വേഗത്തിലും ശില്പമികവിലും പരിസ്ഥിതിസൗഹൃദമായും കൺവെൻഷൻ സെൻ്റർ നിർമ്മിച്ചതിനാണ് ഊരാളുങ്കലിനെ അഭിനന്ദിച്ചത്. മുളകൊണ്ട് അലങ്കാരം ഒരുക്കിയ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനും കേന്ദ്ര സർക്കാർ അഭിനന്ദനമറിയിയിച്ചു. പരിപാടിയുടെ ചുമതല വഹിച്ച ഷേർപ്പ അമിതാഭ് കാന്ത് രണ്ടു സ്ഥാപനത്തിനും അനുമോദനം അറിയിച്ച് കത്തയച്ചു.

അഗോളതലത്തിൽ കേരളത്തിൻ്റെ അഭിമാനം ഉയർത്തിയ പരിപാടിയായിരുന്നു കുമരകത്തെ ജി 20 ഷെർപ്പാസമ്മേളനം. പങ്കെടുത്തവരെല്ലാം അവിടുത്തെ സൗകര്യങ്ങളെയും അവയുടെ സൗന്ദര്യത്തെയും പ്രകീർത്തിച്ചിരുന്നു. സമ്മേളനം നടന്ന 10,000 ചതുരശ്ര അടിയുള്ള സ്ഥിരം കൺവെൻഷൻ സെൻ്റർ നിർമ്മിച്ചതും സർവ്വ പശ്ചാത്തലസൗകര്യവും ഒരുക്കി സമ്മേളനവേദി മനോഹരമാക്കിയതും ഉറങ്ങാതെ രാപ്പകൽ ആത്മാർത്ഥതയോടെ പണിയെടുത്ത ഊരാളുങ്കൽ സൊസൈറ്റിയിലെ തൊഴിലാളികളും എൻജിനീയർമാരും ആണ്.

“സമ്മേളനം ശ്രദ്ധേയമായ വിജയകഥ ആയിരുന്നു. അതു വ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്തു. കെറ്റിഡിസിയിൽ പരിസ്ഥിതിസൗഹൃദ കൺവെൻഷൻ സെൻ്റർ റെക്കോഡ് സമയത്തിൽ നിർമ്മിക്കുന്നതിൽ വിസ്മയകരമായ പ്രവർത്തനം ആണ് കേരളസർക്കാർ കാഴ്ചവച്ചത്. ഈ കൺവെൻഷൻ സെൻ്റർ അതിൻ്റെ വാസ്തുശില്പം, രൂപകല്പന, സുസ്ഥിരത, ദീപവിതാനം, മുളയുടെ ഉപയോഗം എന്നിവകൊണ്ടെല്ലാം ഗംഭീരപ്രശംസ നേടി ” എന്നും അഭിനന്ദന കത്തിൽ പറയുന്നു.

ഈ കൺവെൻഷൻ സെൻ്റർ കേരളത്തിൻ്റെ കായലുകൾക്കുള്ള സ്ഥിരം ആസ്തി ആകുമെന്നും ഒരു ‘മൈസ്’ (മീറ്റിങ്സ്, ഇൻസെൻ്റീവ്സ്, കൺവെൻഷൻ, എക്സിബിഷൻ) ഡെസ്റ്റിനേഷൻ ആയുള്ള കേരളത്തിൻ്റെ മുന്നേറ്റത്തിന് ഇത് ത്വരകം ആകുമെന്നും അമിതാഭ് കാന്ത് കത്തിൽ അഭിപ്രായപ്പെട്ടു.

“ഇത് സാധ്യമായത് നിങ്ങളും നിങ്ങളുടെ കർമ്മോന്മുഖമായ സംഘവും കാരണമാണ്.” ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരിക്ക് അയച്ച കത്തിൽ പറയുന്നു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ മുളകൊണ്ടുള്ള പ്രവൃത്തികൾ അദ്വിതീയവും മോഹനവും ആണെന്നും അനുമോദനക്കത്തിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

ഊരാളുങ്കൽ സൊസൈറ്റി നടത്തുന്ന തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ആണ് പ്രവേശനകവാടവും അതുമുതലുള്ള മുഴുവൻ പാലങ്ങളും ഇൻ്റർപ്രട്ടേഷൻ സെൻ്ററും എല്ലാം മുളകൊണ്ട് മോടിയാക്കിയത്. ചൂരലും മരവും ഈറ്റയുംകൊണ്ടാണ് ഓഡിറ്റോറിയത്തിലെ വോൾ പാനലിങ് ചെയ്തത്. സീലിങ്ങ് മുളയിലും. ചുവരുകളിൽ മ്യൂറലുകളും ഒരുക്കി. കൂടാതെ കരകൗശലവസ്തുക്കളുടെ അവതരണത്തിനായി പവലിയനും ക്രാഫ്റ്റ്സ് വില്ലേജ് സജ്ജീകരിച്ചിരുന്നു.

സമ്മേളനത്തിനു വേദിയായി കുമരകത്തെ തെരഞ്ഞെടുത്തപ്പോൾ അതിനു കണ്ടെത്തിയ കെറ്റിഡിസിയുടെ കുമരകം വാട്ടർസ്കേപ്സിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നം കൺവെൻഷൻ ഹോൾ ഇല്ലാഞ്ഞതാണ്. പ്രതിസന്ധി അവസരമാക്കി മാറ്റാൻ തീരുമാനിച്ച കെറ്റിഡിസിയും സംസ്ഥാന ടൂറിസം വകുപ്പും സ്ഥിരം കൺവെൻഷൻ സെൻ്റർ നിർമ്മിക്കാൻ തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് അഞ്ഞൂറുപേർക്കു സമ്മേളിക്കാവുന്ന കൺവെൻഷൻ സെൻ്റർ കെറ്റിഡിസിക്ക് സ്വന്തമായത്.

വൈദ്യുതിവത്ക്കരണം, പ്ലംബിംങ്, എയർകണ്ടീഷനിങ് എന്നിവയും അനുബന്ധസൗകര്യങ്ങളും വേണമായിരുന്നു. എല്ലാറ്റിനുംകൂടി നൂറു ദിവസംപോലും കിട്ടിയില്ല. കായലിൽനിന്ന് 50 മീറ്റർ അകലം വേണം തുടങ്ങിയ നിയമനിബന്ധനകളും പാലിക്കണമായിരുന്നു. നാല്പതോളം കോട്ടേജുകൾക്ക് ഇടയിൽ നിർമ്മാണം നന്നേ ദുഷ്ക്കരം ആയിരുന്നു. നിർമ്മാണസ്ഥലത്തേക്കു മൂന്നു മീറ്റർ വഴി മാത്രം. അതിലുള്ള പാലങ്ങൾ ഹോട്ടലിലെ ചെറിയ ഇലക്ട്രിക് വാഹനങ്ങൾ പോകാൻ മാത്രം ബലമുള്ളവ. അവ രണ്ടും ബലപ്പെടുത്തേണ്ടിവന്നു.

ജലാശയത്തിൻ്റെ പശ്ചാത്തലത്തിൽ യോഗം ചേരാനാകണം എന്നതും നിർമ്മാണം കഴിവതും പ്രകൃതിസൗഹൃദം ആയിരിക്കണം എന്നതും ഏറ്റവും കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കണം എന്നതും ആയിരുന്നു വെല്ലുവിളികൾ. കായലോരത്തെ ഉറപ്പില്ലാത്ത ചെളിമണ്ണിൽ നിർമ്മാണം നടത്തുക എന്നതും വെല്ലുവിളി ആയിരുന്നു. കായലിൽനിന്ന് 50 മീറ്റർ അകലം വേണം എന്ന നിയമത്തിൻ്റെ നിബന്ധനയും പാലിക്കണം. റിസ്ക് എടുക്കാൻ തയ്യാറില്ലാത്ത കരാറുകാർ പൊതുവെ താത്പര്യപ്പെടാത്ത പ്രവൃത്തി.

ഊരാളുങ്കൽ സൊസൈറ്റിക്കേ ചെയ്യാനാവൂ എന്ന് ഉദ്യോഗസ്ഥരിൽ പലരും അഭിപ്രായപ്പെട്ടു. എന്നാൽ, നൂറു ദിവസംപോലും ഇല്ലാത്തതിനാൽ സൊസൈറ്റി തയ്യാറായിരുന്നില്ല. സമ്മർദ്ദത്തിന് ഒടുവിലാണ് അവർ ടെൻഡറിൽ പങ്കെടുക്കുന്നത്. രണ്ടു കരാറുകളും അവർക്കുതന്നെ ലഭിക്കുക ആയിരുന്നു.

വെള്ളക്കെട്ടിലും ചെളിയിലും ആയിരുന്നു നിർമ്മാണം. പണി തുടങ്ങുമ്പഴേക്കു മഴയും വന്നു. പൈലിങ്ങിനും ബേസ്മെൻ്റ് കെട്ടാനും എല്ലാം ഒരുപാടു ബുദ്ധിമുട്ടി. പൈലിങ് 43 മീറ്ററോളം വേണ്ടിവന്നു. കോട്ടയവുമായി ബന്ധപ്പെടുത്തുന്ന പാലം പുനർനിർമ്മിക്കാൻ പിഡബ്ലിയുഡി പൊളിച്ചിട്ടിരുന്നതും ബുദ്ധിമുട്ടായി. കോൺക്രീറ്റും മറ്റും 43 കിലോമീറ്റർ അകലെ പുന്നപ്ര പ്ലാൻ്റിൽനിന്നു കൊണ്ടുവരേണ്ടിവന്നു. റിസോർട്ടിൽ അതിഥികൾ ഉള്ളതിനാൽ പണി ചെയ്യാൻ രാത്രി 10 മണി വരെയേ അനുമതി നല്കിയിരുന്നുള്ളൂ. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി 24 മണിക്കൂറും നിർമ്മാണം നടത്താൻ അനുമതി വാങ്ങി. ഇങ്ങനെയൊക്കെയാണു പണി നടത്തിയത്.

കെട്ടിടം നിർമ്മിക്കാൻ മാത്രമായിരുന്നു കരാർ എങ്കിലും ഇൻ്റീരിയറും ലാൻഡ്സ്കേപ്പിങ്ങും ലാൻഡ്സ്കേപ്പിങ്ങിൻ്റെ ലൈറ്റപ്പും വോൾ പാനലിങ്ങും സീലിങ്ങും എസിയും ഇലക്ട്രിക്കൽ-പ്ലംബിങ് ജോലികളും എല്ലാം സൊസൈറ്റിതന്നെ ചെയ്യണമെന്നായി. അവിടെയുള്ള മറ്റൊരു ഹോൾ എസി ആക്കുന്ന പണിയും ഏല്പിച്ചു. കൂടാതെ, ബോട്ടുജെട്ടിയിലേക്കുള്ള റോഡ് തയ്യാറാക്കി. പുതിയ പാലം നിർമ്മിച്ചു. ഇതെല്ലാം ഫെബ്രുവരി 1നു ശേഷമാണ് ഏല്പിക്കുന്നത്. അവയെല്ലാം ഏപ്രിലിന് മുമ്പ് പൂർത്തിയാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News