കടമെടുപ്പ് പരിധി നിശ്ചയിക്കേണ്ടത് കേന്ദ്രമല്ല; നിയമപോരാട്ടവുമായി സംസ്ഥാന സർക്കാർ

കേരളത്തിന്റെ കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനില്ലെന്ന് ചൂണ്ടിക്കാട്ടി കേരളാ സർക്കാർ സുപ്രീം കോടതിയിലേക്ക്. ചരിത്രപരമായ ഒരു നിയമ പോരാട്ടത്തിനാണ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലൂടെ കേരളം തുടക്കം കുറിക്കുന്നത്. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിന് ഇല്ലന്നാണ് കേരളത്തിൻ്റെ വാദം. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങൾ സംബന്ധിച്ച് സുപ്രധാനമായിരിക്കും സുപ്രീം കോടതിയുടെ തീരുമാനം.

കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് ഭരണഘടനാവിരുദ്ധമെന്ന് ഹർജിയിൽ വിശദമാക്കുന്നു. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിന് ഇല്ല എന്ന പ്രധാനപ്പെട്ട വാദമാണ് സർക്കാർ മുന്നോട്ട് വക്കുന്നത്.

Also Read: അന്വേഷണത്തിൽ തെളിവുകളില്ല; കിഫ്‌ബി മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി

ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരിൽ ഇല്ലാത്ത അധികാരമാണ് കേന്ദ്രം പ്രയോഗിക്കുന്നത്. സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംഭരണാവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അനുഛേദങ്ങൾ 162, 199, 202, 204, 266, 298, 7ാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിലെ എൻട്രി 43, എന്നിവ ഇക്കാര്യം വ്യക്തമാക്കുന്നു. ഈ അനുഛേദങ്ങളോടൊപ്പം അനുഛേദം 293(1) ചേർത്ത് വായിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിന് തനതായ അധികാരങ്ങളുണ്ട്. കേരള നിയമസഭ പാസ്സാക്കിയ കേരള ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആക്ട്, 2003 ഇക്കാര്യം വ്യക്തമാക്കുന്നു.

Also Read: “ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ

കടമെടുപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ധനകമ്മി നികത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നതിന്, കടമെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിന്, പൊതുകടം സംബന്ധിച്ചുള്ള നിയമപരവും ഭരണപരവും ആയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്, സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് ആവശ്യാനുസരണം സാമ്പത്തികസഹായം നൽകുന്നതിന്, ഇതിനെല്ലാം ഉള്ള അവകാശങ്ങൾ സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. എന്തുകൊണ്ടന്നാൽ ഇവ സംസ്ഥാന പരിധിയിൽപ്പെട്ട വിഷയങ്ങളാണ്.

കേന്ദ്രസംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിന് സുപ്രീം കോടതിക്കുള്ള അധികാരങ്ങൾ ഉപയോഗിച്ച് ഹർജിയിൽ ഉത്തരവിടാം. ചുരുക്കത്തിൽ സംസ്ഥാന സർക്കാരുകൾക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനാണ് കേരളത്തിൻ്റെ നിയമപോരാട്ടം എന്നർത്ഥം. സംസ്ഥാനങ്ങൾക്ക് കടമെടുക്കൽ പരിധി അടിച്ചേൽപ്പിക്കുന്ന കേന്ദ്രം സ്വന്തം കാര്യത്തിൽ അത് ചെയ്യുന്നില്ല. ധനകമ്മി നേരിടുന്നതിൽ പബ്ലിക് അക്കൗണ്ടിനെ അനിയന്ത്രിതമായി ഉപയോഗിക്കുകയാണ് കേന്ദ്രം എന്ന നിയമ രാഷട്രീയ പ്രശ്നം കൂടി കേരളം ഉയർത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News