സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു; ഡോ.വി ശിവദാസൻ എംപി

സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു എന്ന് ഡോ. വി ശിവദാസൻ എംപി. കുതിച്ചുയരുന്ന ബിജെപി സർക്കാരിന്റെ കടവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും എന്ന് കുറിച്ചുകൊണ്ടാണ് ശിവദാസൻ എംപി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ..

കുതിച്ചുയരുന്ന ബിജെപി സർക്കാരിന്റെ കടവും മാധ്യമങ്ങളുടെ ഇരട്ടത്താപ്പും
യൂണിയൻ സർക്കാരിന്റെ കടം 2017-18ൽ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23 ൽ 155.8 ലക്ഷം കോടി രൂപആയി ഉയർന്നു എന്ന് രാജ്യസഭയിൽ നൽകിയ മറുപടിയിൽ സമ്മതിച്ചിരിക്കുകയാണ് ധനകാര്യമന്ത്രാലയം.
2017-18ൽ മൊത്തം ജിഡിപിയുടെ 48.5 % ആയിരുന്ന കടം , 2022-23 ൽ ജിഡിപിയുടെ 57.3 % ആയി ഉയർന്നു. ഇതിൽ 148.8 ലക്ഷം കോടിആഭ്യന്തര കടവും 7 ലക്ഷം കോടി വിദേശ കടവുമാണ്.
2021-22 ൽ 138 .9 ലക്ഷം കോടി ആയിരുന്ന കേന്ദ്ര കടം , ഒരു വര്ഷം കൊണ്ട് 16 .9 ലക്ഷം കോടി വർധിച്ചാണ് 155.8 ലക്ഷം കോടി ആയത് .

കടത്തിന് പലിശ കൊടുക്കാനും വൻ തുക മാറ്റിവെക്കേണ്ടി വരുന്നുണ്ട്. 2022-23 ൽ കടത്തിന്റെ പലിശ കൊടുക്കാൻ വേണ്ടത് 9.4 ലക്ഷം കോടി രൂപയാണ്. മൊത്തം 45 ലക്ഷം കോടിയുടെ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ 18 ലക്ഷം കോടിയും കടമാണ്. അതിൽ നിന്നുമാണ് 9.4 ലക്ഷം കോടി രൂപ പലിശ കൊടുക്കാൻ മാത്രം നീക്കി വെക്കേണ്ടി വരുന്നത്. 2017-18 ൽ 5.3 ലക്ഷം കോടി രൂപ ആണ് പലിശ കൊടുക്കാൻ വേണ്ടിയിരുന്നത്. സംസ്ഥാനങ്ങളെ കടത്തിന്റെ പേര് പറഞ്ഞു ഞെരിക്കുമ്പോഴും, കേന്ദ്രത്തിന്റെ കടം കുതിച്ചുയരുന്നു. കേരളത്തിന്റെ കടം സ്റ്റേറ്റ് ജിഡിപിയുടെ 39 % മാത്രമാണ്. കേന്ദ്രത്തിൽ ജിഡിപിയുടെ 57.3 ശതമാനവും കടമാണ് .

ജിഡിപിയുടെ 39 % വരുന്ന കേരളത്തിന്റെ കടം വലിയ അപകടം എന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മറ്റും കേന്ദ്രത്തിന്റെ ഭീമമായ കടത്തെപ്പറ്റി മിണ്ടാറേയില്ല .
4500 കോടി രൂപ മുടക്കി പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സഞ്ചരിക്കാൻ വിമാനം വാങ്ങി എന്ന പത്ര റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി , അതിന് ചിലവായ തുക എത്രയാണ് എന്ന് രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ , “ഒരു വിവരവും വെളിപ്പെടുത്താൻ ആകില്ല ” എന്ന ഒറ്റ വരിയിൽ ആണ് പ്രതിരോധ മന്ത്രാലയം മറുപടി നൽകിയത്.
സഭ മനഃപൂർവം സ്തംഭിപ്പിച്ചു ചർച്ച പോലും കൂടാതെ ഇരുസഭകളിലും ബജറ്റ് പാസാക്കിയത് തന്നെ , ഈ കണക്കുകൾ ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാനാണ്. സബ്‌സിഡികൾ വെട്ടികുറയ്‌ക്കുകയും ഇഷ്ടക്കാരായ കോർപറേറ്റ് കുടുംബങ്ങൾക്ക് ഇളവുകൾ കൊടുക്കുകയും ചെയ്യുന്ന ബിജെപി സർക്കാർ, സ്വന്തമായി കടം വാങ്ങിക്കൂട്ടുമ്പോഴും സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ നിഷേധിക്കുന്ന നിലപാട് കൈക്കൊള്ളുന്നത് പ്രതിഷേധാർഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News