രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് ‘എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരുള്ളത് എന്തുകൊണ്ടാണ്’ എന്ന രാഹുൽഗാന്ധിയുടെ വിവാദ പരാമർശത്തിൽ ആണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി മാന നഷ്ടക്കേസിന് രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്.
ഐപിസി 499 , 500 വകുപ്പുകൾ പ്രകാരം ആണ് രാഹുൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. തുടർന്ന് ജാമ്യം അനുവദിച്ച കോടതി 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു. വിധി സ്റ്റേ ചെയ്താലേ എംപി ആയി തുടരാനാവൂ. നിലവിൽ കോടതി ശിക്ഷ മരവിപ്പിക്കുകയാണ് ചെയ്തത്. ഇത് കണക്കിലെടുത്താണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര നീക്കത്തിനെതിരെ കെജ്‌രിവാൾ തുറന്നടിച്ചു. രാഹുൽ ഗാന്ധിയെ കേന്ദ്രത്തിനു ഭയമാണ് അതുകൊണ്ടാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത് എന്നും കെജ്‌രിവാൾ പറഞ്ഞു.
നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച കെജ്‌രിവാൾ മോദി രാജ്യംനശിപ്പിക്കുകയാണ് എന്നും രാജ്യത്തെ രക്ഷിക്കാനാഗ്രഹിക്കുന്നവർ ബിജെപിയിൽ തുടരരുത് എന്നും നശിപ്പിക്കാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ ബിജെപിയിൽ തുടരാം എന്നും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here