‘ദുരന്തമുഖത്തും കേന്ദ്രസര്‍ക്കാരിന് ഗൂഢ രാഷ്ട്രീയ അജണ്ട’; കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനെതിരെ കേന്ദ്രം നടത്തിയ നീക്കം ദ ന്യൂസ് മിനിട്ട് എന്ന വെബ് പോര്‍ട്ടലാണ് വാര്‍ത്തയാക്കിയത്. ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയതായാണ് ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എത്ര നികൃഷ്ടമായ രീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. ഇത്രയും വലിയ ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതില്‍ നിന്ന് പിന്തിയിരുന്നില്ല’- ന്യൂസ് മിനിട്ട് വാര്‍ത്ത പങ്കുവെച്ചുകൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി എക്സില്‍ കുറിച്ചു.

നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് മഴ മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷായുടെ കള്ളം മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകാട്ടിയിരുന്നു. കേന്ദ്ര കാലാവസ്ഥ പ്രവചനത്തില്‍ ജൂലൈ 23 മുതല്‍ 29 വരെ വയനാട്ടില്‍ റെഡ് അലര്‍ട്ട് ഇല്ല. പരമാവധി ഓറഞ്ച് അലര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ പോലും റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറുമണിക്കാണ് വയനാടിന് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്നത്. 29ന് ഓറഞ്ച് അലര്‍ട്ട് നല്‍കി. മുപ്പതിന് രാവിലെ ദുരന്തം ഉണ്ടായതിനുശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read:‘കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു’; പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ പുറത്തുവിട്ട് ദ ന്യൂസ് മിനിട്ട്

വയനാട് ദുരന്തത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിലും ലോക്‌സഭയിലും പറഞ്ഞത്. അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ പാര്‍ലമെന്റില്‍ ഇടത് എം.പിമാര്‍ അവകാശ ലംഘന നോട്ടീസുകള്‍ നല്‍കി. സിപിഐ രാജ്യസഭ അംഗം സന്തോഷ് കുമാര്‍, സിപിഐഎം അഗം വി ശിവദാസന്‍, കോണ്‍ഗ്രസ് അംഗം ജയറാം രമേശ് എന്നിവരും അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. അമിത് ഷാ പ്രതിരോധത്തിലായതോടെയാണ് ശാസ്ത്രജ്ഞരോടും മറ്റും കേരളത്തിനെതിരെ എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News