വോട്ടര്‍ ഐഡിയും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? സമയം നീട്ടി നല്‍കി കേന്ദ്രം

ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. നേരത്തെ നല്‍കിയ സമയപരിധി 2023 ഏപ്രില്‍ 1ന് അവസാനിക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച് പുതിയ വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയത്. വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയാണ് കേന്ദ്രം നീട്ടിയിരിക്കുന്നത്. രണ്ടു കാര്‍ഡുകള്‍ ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമല്ല. ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിച്ചില്ലെങ്കിലും വോട്ടര്‍പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ നിരസിക്കില്ലെന്ന് നിയമ-നീതി അതോറിറ്റിയുടെ ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

വോട്ടര്‍മാരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനാണ് ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 1 മുതല്‍ നിരവധി സംസ്ഥാനങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ആരംഭിച്ചു കഴിഞ്ഞു. വോട്ടര്‍മാരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും, കള്ളവോട്ട് തടയുന്നതിനും കാര്‍ഡുകള്‍ ബന്ധിക്കുന്നതിലൂടെ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഒന്നിലധികം നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെയും ഒരേ മണ്ഡലത്തില്‍ ഒന്നിലധികം പേരുള്ളവരെയും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കണ്ടെത്താം എന്നതും ഇതിന്റെ ഗുണമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ഡുകള്‍ തമ്മില്‍ ബന്ധിക്കുന്നത് വോട്ടര്‍പട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്നാണ് നിഗമനം.

2022 ഡിസംബര്‍ 12 വരെ 54.32 കോടി ആധാര്‍ നമ്പറുകള്‍ ശേഖരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വിവരാവകാശ രേഖകള്‍ വ്യക്തമാക്കി.അതേ സമയം 2023 ജനുവരി 1 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 95 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ആളുകള്‍ക്കു സ്വമേധയാ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാം. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ മതിയായ കാരണം ബോധിപ്പിക്കേണ്ടി വരും. ആളുകള്‍ സ്വമേധയ വോട്ടര്‍ ഐഡി ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിന് വോട്ടര്‍ ഐഡി, ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധിതമാക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ ഓണ്‍ലൈനായി വിവരങ്ങള്‍ പൂരിപ്പിച്ച് ആധാര്‍ കാര്‍ഡിലെ ഫോട്ടോ ഉള്‍പ്പെടുന്ന ഭാഗം അപ്ലോഡ് ചെയ്യുന്ന തരത്തിലാകും ക്രമീകരണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള പരിശീലനം ജില്ലകളില്‍ ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.

വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയാന്‍ ആളുകള്‍ക്ക് ഈ ക്യാമ്പുകള്‍ സന്ദര്‍ശിക്കാം.

എങ്ങനെ വോട്ടര്‍ ഐഡി ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം?

ലളിതമായ ചില സ്റ്റെപ്പുകളിലൂടെ ഓണ്‍ലൈനായി വോട്ടര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിക്കാം.

ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരുക

1. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലിന്റെ ഔദ്യോഗിക വെബ്സൈറ്റ് (nvsp.in) സന്ദര്‍ശിക്കുക

2. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ശേഷം ഹോംപേജിലെ ‘Search in Electoral Roll’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3. വോട്ടര്‍ ഐഡി തിരയാന്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുക അല്ലെങ്കില്‍ ഇപിഐസി നമ്പറും സംസ്ഥാനവും നല്‍കുക

4. ഇടതുവശത്ത്, Feed Aadhar No എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്കു ചെയ്യുക

5. ആധാര്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന ഒരു പുതിയ വിന്‍ഡോ തുറക്കും

6. ആധാര്‍ വിശദാംശങ്ങള്‍ നല്‍കിയ ശേഷം, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ നിങ്ങള്‍ക്ക് ഒരു ഒടിപി ലഭിക്കും. OTP നല്‍കിയ ശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം authenticate എന്ന ഓപ്ഷനും ക്ലിക്ക് ചെയ്യുക

രജിസ്‌ട്രേഷന്‍ വിജയകരമായാല്‍ അതേ കുറിച്ച് നിങ്ങള്‍ക്ക് ഒരു അറിയിപ്പ് ലഭിക്കും.

ഫോണ്‍ വഴി വോട്ടര്‍ ഐഡി കാര്‍ഡുമായി ആധാര്‍ എങ്ങനെ ലിങ്ക് ചെയ്യാം?

നിങ്ങളുടെ വോട്ടര്‍ ഐഡിയുമായി ആധാര്‍ ലിങ്ക് ചെയ്യാന്‍ ഇതിനായുള്ള കോള്‍ സെന്ററുകളിലേക്കും വിളിക്കാം.

ഡയല്‍ 1950 കോള്‍ സേവനം പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ലഭ്യമാണ്.

ലിങ്ക് ചെയ്യാന്‍ നിങ്ങളുടെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും നല്‍കുക.

166 അല്ലെങ്കില്‍ 51969 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും ബന്ധിപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News