കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച കേന്ദ്ര നീക്കം കേരളത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്‍റെ ഭാഗം: സിപിഐഎം

കേരളത്തിന്‌ അര്‍ഹമായ കടമെടുപ്പ്‌ പരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്‌  സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌.

കേരളത്തിനുള്ള ഗ്രാന്റുകളും, വായ്‌പകളും നിഷേധിക്കുകയും, വെട്ടിക്കുറയ്‌ക്കുകയും ചെയ്‌ത്‌ നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ്‌ കേന്ദ്രത്തിന്‍റേത്.കേരളത്തില്‍ സാധ്യതയുള്ള എല്ലാ വികസന പ്രവൃത്തികള്‍ക്കും കേന്ദ്രം തുരങ്കം വയ്‌ക്കുകയാണെന്നും ഇതിന്‌ പുറമെയാണ്‌ നിര്‍ബന്ധമായും നല്‍കേണ്ട സാമ്പത്തിക അനുമതികളില്‍ കൈകടത്തുന്നത്.

നടപ്പു വര്‍ഷം 32,442 കോടി രൂപയുടെ വായ്‌പ എടുക്കാനുള്ള അനുമതി സാമ്പത്തിക വര്‍ഷാരംഭത്തില്‍ കേന്ദ്രം നല്‍കിയിരുന്നതാണ്‌. എന്നാല്‍ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഗ്രാന്‍റിനത്തില്‍ 10,000 കോടിയുടെ വെട്ടിക്കുറവ്‌ ഈ വര്‍ഷം വരുത്തിയതിന്‌ പുറമെയാണിത്‌. ഇത്‌ കേരളത്തിലെ ജനങ്ങള്‍ക്കെതിരായുള്ള വെല്ലുവിളിയാണ്‌.

ധന ഉത്തരവാദിത്ത നിയമപ്രകാരവും, കേന്ദ്ര ധനക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പരിശോധിച്ചാലും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയല്ലെന്ന്‌ കാണാം. രാജ്യത്തെ സാമ്പത്തിക മാനേജ്‌മെന്റ്‌ കൂടുതല്‍ സുതാര്യമാക്കുന്നതിനാണ്‌ ഈ ആക്ട്‌. അത്‌ പോലും കേന്ദ്രം അംഗീകരിക്കുന്നല്ല. കടമെടുപ്പ്‌ പരിധി വെട്ടിക്കുറവ്‌ വരുത്തിയതിനുള്ള കാരണമെന്തെന്ന്‌ പോലും വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. മുമ്പ്‌ ഇക്കാര്യങ്ങള്‍ വിശദമാക്കാനെങ്കിലും തയ്യാറായിട്ടുണ്ട്‌.

കഴിഞ്ഞ ഏഴ്‌ വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ തുടരുന്ന സമീപനം കേരളത്തെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നതിലുള്ള ഗവേഷണമാണ്‌. രാജ്യത്തെ ഭരണഘടനയേയോ ജനാധിപത്യ മൂല്യങ്ങളേയോ ഫെഡറല്‍ തത്വങ്ങളേയോ മാനിക്കാന്‍ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും സംസ്ഥാനം ജനങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ കഴിയാവുന്നത്ര ക്ഷേമ വികസന പദ്ധതികള്‍ നടപ്പാക്കുകയാണ്‌ ചെയ്‌തത്‌. അതൊന്നും ദഹിക്കാത്തതുകൊണ്ടാണ് കൂടുതല്‍ ഞെരുക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നത്‌.

സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ്‌ ഇതിനു പിന്നില്‍. ഇത്‌ സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കും. ജനങ്ങളാകെ ഒരുമിച്ചും, രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ചും സംസ്ഥാന താല്‍പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിത്‌.

കര്‍ണാടക തോല്‍വിയോടെ നിലതെറ്റിയ അവസ്ഥയാണ്‌ ബി.ജെ.പിക്ക്‌ രാജ്യത്താകെ ഉയരുന്ന വര്‍ഗീയ വിരുദ്ധ മുന്നണിക്ക്‌ സിപിഐഎമ്മും, ഇടതുപക്ഷവും ശക്തമായ പ്രേരണയും, നേതൃത്വവും നല്‍കുന്നു. ന്യൂനപക്ഷ വേട്ടയ്‌ക്കും, കോര്‍പറേറ്റ്‌ സേവയ്‌ക്കുമെതിരെ ശക്തമായ നിലപാടാണ്‌ എല്‍ഡിഎഫ്‌ സ്വീകരിച്ചുപോരുന്നത്‌. കര്‍ണാടക തെരഞ്ഞെടുപ്പ്‌ വേളയില്‍ കേരളത്തെ അപമാനിക്കുക ലക്ഷ്യമിട്ട്‌ സംഘപരിവാര്‍ പിന്തുണയോടെ പുറത്തിറക്കിയ ദി കേരള സ്റ്റോറി സിനിമയടക്കം ബി.ജെ.പിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കാന്‍ സിപിഐഎമ്മും, ഇടതുപക്ഷവും മുന്നില്‍ നിന്നിരുന്നു.

ജനങ്ങളോടൊപ്പം നിന്ന്‌ ഉയര്‍ത്തിപ്പിടിക്കുന്ന ഇത്തരം നിലപാടുകള്‍ക്കെതിരായ പ്രതികാരം കൂടിയാണ്‌ കേരളത്തിനെതിരായ കേന്ദ്ര നീക്കമെന്നുവേണം സംശയിക്കാന്‍. സാമ്പത്തികമായി കടുത്ത വിലക്ക്‌ ഏര്‍പ്പെടുത്തുന്നതിന്‌ സമാനമായ നിലപാടാണ്‌ കേന്ദ്രത്തിന്‍റേത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News